India

യുവാക്കളില്‍ ഗവേഷണ സംസ്‌കാരം: വിവിഭ 2024ന് ഇന്ന് തുടക്കം, ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും

Published by

ന്യൂദല്‍ഹി: യുവാക്കളില്‍ ഗവേഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിക്കുന്ന വിഷന്‍ ഫോര്‍ വികസിത് ഭാരത് (വിവിഭ 2024) ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കും.

ഹരിയാനയിലെ ഗുരുഗ്രാം എസ്ജിടി സര്‍വകലാശാലയില്‍ ആരംഭിക്കുന്ന സമ്മേളനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുമെന്ന് യൂത്ത് യുണൈറ്റഡ് ഫോര്‍ വിഷന്‍ ആന്‍ഡ് ആക്ഷന്‍ (യുവ) കണ്‍വീനര്‍ കവീന്ദ്ര താളിയന്‍ അറിയിച്ചു.

ഇതിനകം ഒരു ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളിലേക്കും ഗവേഷകരിലേക്കും ഒരു ലക്ഷത്തിലധികം അദ്ധ്യാപകരിലേക്കും പതിനായിരത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിവിഭയുടെ സന്ദേശം എത്തിയിട്ടുണ്ടെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ദേശീയ അധ്യക്ഷന്‍ സച്ചിദാനന്ദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. ഗവേഷണ പ്രബന്ധങ്ങള്‍ വിഷയ വിദഗ്ധരുടെ സമിതി വിലയിരുത്തി, തെരഞ്ഞെടുക്കുന്നവ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഭാരത കേന്ദ്രീകൃതമായ ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും യുവാക്കള്‍ക്കിടയില്‍ പഠനം, എഴുത്ത്, ഗവേഷണം എന്നിവയില്‍ പ്രതിഭ വളര്‍ത്തുകയുമാണ് വിവിഭ ലക്ഷ്യം വയ്‌ക്കുന്നത്. റിസര്‍ച്ച് ടു റിയലൈസേഷന്‍, ഭാരതീയ ജ്ഞാന വ്യവസ്ഥ എന്നിവയെ അധികരിച്ച് എഐ തയാറാക്കിയ വലിയ പ്രദര്‍ശിനിയും സമ്മേളനത്തിന്റെ ഭാഗമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക