ന്യൂദല്‍ഹി: ഖാലിസ്ഥാനി ഭീകരന് അര്‍ഷ് ദല്ലയെ എത്രയും വേഗം കൈമാറണമെന്ന് കാനഡയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഭാരതം. ഖാലിസ്ഥാനി ഭീകരനായ അര്‍ഷ്ദീപ് സിങ് ഗില്‍ എന്ന അര്‍ഷ് ദല്ലയെ കഴിഞ്ഞ ദിവസം കാനഡ പിടികൂടിയിരുന്നു. ഭീകരവാദ പട്ടികയില്‍ ഭാരതം ഉള്‍പ്പെടുത്തിയിരിക്കുന്ന ദല്ലയെ രാജ്യത്തിന് കൈമാറണമെന്ന് വിദേശകാര്യമന്ത്രാലയം കനേഡിയന്‍ അധികൃതരെ അറിയിച്ചു.
ദല്ലയെ കൈമാറാനുള്ള ഔദ്യോഗിക ആവശ്യം അന്വേഷണ ഏജന്‍സികള്‍ കാനഡയ്ക്ക് കൈമാറിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഒക്ടോബര്‍ 28ന് ഒന്റാരിയോയില്‍ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് ദല്ലയെ കാനഡ അറസ്റ്റ് ചെയ്തത്. ഖാലിസ്ഥാനി ടൈഗര്‍ ഫോഴ്സ് നേതാവായ ദല്ലയ്ക്കെതിരെ അമ്പതോളം കൊലക്കേസുകളും കൊലപാതക ശ്രമ ക്കേസുകളുമാണ് ഭാരതത്തില്‍ നിലവിലുള്ളത്. 2022 മേയില്‍ ദല്ലയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും അയച്ചിട്ടുണ്ട്. 2023ല്‍ ദല്ലയെ ഭീകരനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. അന്നു മുതല്‍ ദല്ലയെ കൈമാറണമെന്ന് കാനഡയോട് കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: