കോട്ടയം: മാട്ടുപ്പെട്ടി ഡാമിലേക്ക് നടത്തിയ സീപ്ലെയിന്‍ പരീക്ഷണ പറക്കലിന്റെ പേരില്‍ ഭരണ പ്രതിപക്ഷകക്ഷികള്‍ വലിയ വായില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പദ്ധതി നടത്തിപ്പ് അത്ര എളുപ്പമല്ലെന്ന് സൂചന. സര്‍വീസിനായി ഓപ്പറേറ്റര്‍മാര്‍ ആരും ഇതുവരെ രംഗത്ത് വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പദ്ധതി എത്രമാത്രം ലാഭകരമാകും എന്നത് സംബന്ധിച്ച പഠനവും നടന്നിട്ടില്ല. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്‌റെത് ഉള്‍പ്പെടെ ഒട്ടേറെ അനുമതികള്‍ ലഭിക്കാനുമുണ്ട്. പരിസ്ഥിതി ലോലമേഖലയിലാണ് പദ്ധതിയെന്ന വാദവുമായി വനംവകുപ്പും രംഗത്തു വന്നിട്ടുണ്ട്.
14 പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ഒരു വിമാനത്തില്‍ സഞ്ചരിക്കാന്‍ വിനോദസഞ്ചാരികള്‍ വന്‍തുക നല്‍കേണ്ടിവരും. ഇത്രയും ചെലവില്‍ യാത്രക്കാരെ ലഭിക്കുമോ എന്നത് സംബന്ധിച്ചു പഠനം നടത്തേണ്ടതുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സീപ്ലെയിന്‍ സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉഡാന്‍ പദ്ധതി സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പ്രധാനമായും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടല്ല. റീജിയണല്‍ കണക്ടിവിറ്റിയാണ് കേന്ദ്ര പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക