India

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

Published by

ചെന്നൈ : തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ആണ് തള്ളിയത്.

തെലുങ്കരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയിട്ടും തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹർജിയില്‍ പറഞ്ഞു. പരാതി രാഷ്‌ട്രീയ പ്രേരിതമാണ്. തമിഴന്‍ പദവി അവകാശവാദവുമായി ബന്ധപ്പെട്ട് ബ്രാഹ്മണരും തെലുങ്ക് സംസാരിക്കുന്നവരും തമ്മിലുള്ള താരതമ്യ വിവരണം നടത്തുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തതെന്നും കസ്തൂരി പറഞ്ഞിരുന്നു.

നവംബര്‍ മൂന്നിന് ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തുള്ള കസ്തൂരിയുടെ പ്രസംഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയവരുടെ പിന്‍തലമുറക്കാരാണ് തെലുങ്കര്‍ എന്നാണ് കസ്തൂരി പറഞ്ഞത്.

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് നല്‍കാന്‍ പോലീസ് പോയസ് ഗാര്‍ഡനിലെ നടിയുടെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഇതിന് ശേഷമാണ് കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by