Palakkad

കെഎസ്ആര്‍ടിസി സ്റ്റാന്റ്: കക്കൂസ് മാലിന്യം ജനവാസ മേഖലയിലേക്ക്; സ്ഥാനാര്‍ഥിക്ക് മുന്നില്‍ പരാതിയുമായി അമ്മമാര്‍

Published by

പാലക്കാട്: കോടികള്‍ മുടക്കി നിര്‍മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള കക്കൂസ് മാലിന്യം മൂലം പൊറുതിമുട്ടുകയാണ് നഗരത്തിലെ മൈത്രി നഗര്‍ കോളനി നിവാസികള്‍. ഷാഫി പറമ്പില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബസ് സ്റ്റാന്‍ഡില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്ല.

രാവിലെയും വൈകിട്ടും ഇവിടുത്തെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് ജനവാസ മേഖലയിലെ അഴുക്കുചാലിലേയ്‌ക്കും പുഴയിലേക്കുമാണ്. പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ മലിനമാവുകയും ചെയ്തു. സഹികെട്ട മൈത്രി നഗര്‍ കോളനി നിവാസികള്‍ എംഎല്‍എയ്‌ക്കും കെഎസ്ആര്‍ടിസി അധികൃതര്‍ക്കുമെതിരെ പരാതിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ സമീപിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താതെയാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടത്തിയത്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ലാത്തതിനാല്‍ സ്റ്റാന്‍ഡിന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നില്ല. കെട്ടിടത്തിന് അഗ്‌നിശമനസേനയുടെ അനുമതിയും ലഭിച്ചിട്ടില്ല.

രാവിലെയും വൈകിട്ടും കക്കൂസ് മാലിന്യം തോടിലേക്കും, അഴുക്കുചാലിലേയ്‌ക്കും ഒഴുക്കി വിടുന്നതില്‍ കിണറിലെ വെള്ളത്തില്‍ വിസര്‍ജ്യ വസ്തുക്കള്‍ കലരുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് കോളനിവാസിയായ പ്രസന്ന പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പല തവണ കെഎസ്ആര്‍ടിസി അധികൃതരെ സമീപിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു.

അസഹനീയമായ ദുര്‍ഗന്ധമാണെന്നും വീട്ടിലിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും പ്രദേശവാസിയായ നിമിഷ പറയുന്നു.

പത്തിലധികം വീട്ടമ്മമാരാണ് പരാതിയുമായി സി.കൃഷ്ണകുമാറിന് മുന്നിലെത്തിയത്. കെഎസ്ആര്‍ടിസിക്ക് നോട്ടീസ് നല്‍കാന്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെടുമെന്നും, എംഎല്‍എയുടെ നിരുത്തരവാദപരമായ സമീപനമാണ് ജനങ്ങളെ ദുരിതത്തിലാക്കിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

നിരവധി കുടിവെള്ള പദ്ധതികള്‍ ഉള്ള പുഴയിലേക്കാണ് മാലിന്യം എത്തുന്നതെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയ്യാറാകണമെന്നും സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷും സ്ഥാനാര്‍ഥിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

തുടര്‍ന്ന് മോനംകാവിലും മാലിന്യ പ്രശ്നം നേരിടുന്ന മൈത്രി നഗറിലും സ്ഥാനാര്‍ഥിയെത്തി. യാക്കരയില്‍ ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി എ. ഗംഗാധരന്റ വസതിയിലായിരുന്നു പ്രഭാത ഭക്ഷണം. യാക്കരയിലെ പര്യടനം കഴിഞ്ഞ് കല്പാത്തി രഥോല്‍സവ ചടങ്ങിലും പങ്കെടുത്തു. വൈകിട്ട് മാത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. അരിമ്പില്‍ , വെട്ടിക്കാട് മേഖലകളില്‍ ഭവന സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക