ന്യൂദൽഹി: കശ്മീരിൽ രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരവാദിയുടെ സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പാകിസ്ഥൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്)നൊപ്പം പ്രവർത്തിക്കുന്ന ആദിൽ മൻസൂർ ലാംഗൂ എന്ന ഭീകരന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
മറ്റ് തീവ്രവാദികളായ അഹ്റാൻ റസൂൽ ദാർ, ദാവൂദ് എന്നിവരോടൊപ്പം ലാംഗൂ നടത്തിയ ഗൂഢാലോചനയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് എൻഐഎ അറിയിച്ചു. ഭീകരത പ്രചരിപ്പിക്കാനും അക്രമം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിൽ നിരപരാധികളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയുമാണ് ഇവർ ഗൂഢാലോചന നടത്തിയതെന്ന് ഏജൻസി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 7 ന് കശ്മീരിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ലംഗൂ, ദാർ, ദാവൂദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ആയുധവും വെടിക്കോപ്പുകളും ലംഗുവിന്റെ വസതിയിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 12 ന് അറസ്റ്റിലായ ലംഗുവിനെതിരെ ഓഗസ്റ്റിൽ മറ്റ് പ്രതികൾക്കൊപ്പം കുറ്റപത്രം സമർപ്പിച്ചു. ഇപ്പോൾ ശ്രീനഗറിലെ സെൻട്രൽ ജയിലിലാണ് ഇയാൾ കഴിയുന്നതെന്നും അന്വേഷണ ഏജൻസി അറിയിച്ചു. അതേസമയം പാകിസ്ഥാൻ ആസ്ഥാനമായുള്ള സൂത്രധാരൻ ജഹാംഗീർ ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: