Kerala

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്: സ്ഥാനം നഷ്‌ടമായ മുൻ പ്രസിഡന്റ് പി പി ദിവ്യ പങ്കെടുക്കില്ല

Published by

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അതേ സമയം വോട്ടെടുപ്പിൽ മുൻ പ്രസിഡൻ്റ് പി പി ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം.

അഡ്വ. കെ കെ രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി. എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ നിന്ന് നീക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൻറേതായിരുന്നു തീരുമാനം. തുടർന്ന് അഡ്വ. കെ കെ രത്‌നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡൻറായി തീരുമാനിച്ചിരുന്നു.

തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി.

പിന്നാലെ ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടിയും സ്വീകരിച്ചിരുന്നു. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്‌ത്താനായിരുന്നു തീരുമാനം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: PP Divya