മുനമ്പം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ആ ഭൂമിയില്‍ വഖഫ് ബോര്‍ഡിന് അവകാശമൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പ്രഖ്യാപിക്കണമെന്ന് തലശേരി ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സംസ്ഥാന വഖഫ് മന്ത്രി കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെ വ്യവസായ മന്ത്രി പി. രാജീവും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുനമ്പം സമരപ്പന്തലില്‍ പാംബ്ലാനിയുടെ ആവശ്യം.
നീതി ആരുടെയും ഔദാര്യമല്ല, അത് എല്ലാവരുടെയും അവകാശമാണെന്നാണ് എനിക്കു മുഖ്യമന്ത്രിയോടു പറയാനുള്ളത്. അത് മുഖ്യമന്ത്രി മുനമ്പത്തുകാര്‍ക്കു നേടിക്കൊടുക്കണം. മുനമ്പത്തു നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് വാക്കു നല്കിയതുകൊണ്ട് ഞങ്ങള്‍ക്കു തൃപ്തിയില്ല. അത്തരം ഉറപ്പല്ല ഞങ്ങള്‍ക്കു വേണ്ടത്. ഇത് വഖഫ് ഭൂമിയല്ലെന്നും മുനമ്പത്തു വഖഫിന് അവകാശമില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കണം.
ബോര്‍ഡ് ആ ഭൂമിയില്‍ ഉന്നയിച്ച അവകാശം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറയണം. ആ അവകാശവാദത്തില്‍ നിന്ന് ഒരുപാധിയുമില്ലാതെ പിന്മാറുന്നെന്ന് പറയുംവരെ ഈ സമരം തുടരും. മാത്രമല്ല, മുനമ്പം സമരക്കാര്‍ക്കുള്ള ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി മനസിലാക്കണം. ഇത്തരം പ്രശ്നം കേരളത്തില്‍ മറ്റൊരിടത്തുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുതരണം. വായ്പകള്‍ക്കു ചെല്ലുമ്പോള്‍ വഖഫ് അവകാശമില്ലാത്ത ഭൂമിയാണെന്ന് അധികൃതരില്‍ നിന്ന് രേഖാമൂലമുള്ള കത്തു വേണമെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്. മുനമ്പത്തു മാത്രമല്ല പലയിടത്തും ഇപ്പോള്‍ ഈ പ്രശ്നമുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിലും ഇടപെടണം. മുനമ്പത്ത് സര്‍ക്കാര്‍ സാമൂഹ്യനീതി ലംഘിച്ചു, അദ്ദേഹം തുടര്‍ന്നു.
വഖഫ് നിയമത്തില്‍ 1995ല്‍ കൊണ്ടുവന്ന പല ഭേദഗതികളും ഒരു ജനാധിപത്യരാജ്യത്തിനു നിരക്കുന്നതല്ല. നിയമം പൊളിച്ചെഴുതണം. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വഖഫ് നിയമം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ മുനമ്പം കടന്ന് വയനാട്ടിലും തളിപ്പറമ്പിലും എത്തിക്കഴിഞ്ഞു. പലയിടങ്ങളിലായി നൂറുകണക്കിനു കുടുംബങ്ങള്‍ക്കാണ് കുടിയൊഴിയാന്‍ നോട്ടീസ് ലഭിച്ചത്. മുനമ്പം സമരമാണ് വിഷയത്തിന് വലിയ തോതില്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഈ സമരമില്ലായിരുന്നെങ്കില്‍ സമൂഹത്തിന്റെ തലയ്ക്കു മുകളില്‍ ഡമോക്ലീസിന്റെ വാള് പോലെ തൂങ്ങിക്കിടക്കുന്ന ഈ പ്രതിസന്ധി ആരുമറിയാതെ പോകുമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: