മേപ്പാടി: മല പൊട്ടിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ ചിതറിപ്പോയ നാട് തെരഞ്ഞെടുപ്പ് വിധിനാളില്‍ ഒത്തുചേര്‍ന്നു. മേപ്പാടിയില്‍ പ്രത്യേകം തയാറാക്കിയ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചും പ്രതീക്ഷകള്‍ പങ്കുവച്ചു. അകം വിതുമ്പുമ്പോഴും നാളുകള്‍ക്കു ശേഷം തമ്മില്‍ കാണുന്നതിന്റെ ചിരി ചുണ്ടില്‍ നിറഞ്ഞു. കുശലങ്ങള്ക്കിടമില്ലാതെ പോയ കൂടിക്കാഴ്ചകള്‍ ചിലപ്പോള്‍ മൗനത്തിലേക്കും മറ്റു ചിലപ്പോള്‍ ദീര്‍ഘനിശ്വാസങ്ങളിലേക്കും നീണ്ടു. കൈ കൊടുത്തും തോളില്‍ തട്ടിയും ഒന്നുമില്ലായ്മയുടെ കൈകള്‍ കുടഞ്ഞ് നിസംഗമായി ചിരിച്ചും മേപ്പാടിക്കാര്ക്ക് വോട്ടുദിനം പുനഃസമാഗമത്തിന്റെ മുഹൂര്‍ത്തങ്ങളായി.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബൂത്തായിരുന്ന വെള്ളാര്‍മല സ്കൂള്‍ ഇന്നില്ല. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി പ്രദേശത്തുള്ള സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലും 11-ാം വാര്ഡുകാര്ക്കായി മേപ്പാടി സ്കൂളിലും പ്രത്യേക പോളിങ് ബൂത്തുകളാണ് ഏര്‍പ്പെടുത്തിയത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ മൂന്ന് ബൂത്തുകളിലായി 3249 വോട്ടര്‍മാരാണുണ്ടായിരുന്നത്. മരിച്ചവരെയും കാണാതായവരെയും ഒഴിച്ചുള്ള 3038 പേരില്‍ 2072 പേര് സമ്മതിദാനാവകാശം നിര്‍വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടക വീടുകളിലാണ് പലരും കഴിയുന്നത്. ചൂരല്‍മലയില്‍ ഒരു കുടുംബം പോലെ ജീവിച്ചവരാണ്. എന്താവശ്യത്തിനും ഒരുമിച്ചു കൂടിയിരുന്നവര്‍. പലരെയും മണ്ണെടുത്തു പോയി. ശേഷിച്ചവരെ കാണാനുള്ള ആഗ്രഹം ഇന്നാണ് സാധിച്ചത്, മേപ്പാടിയില്‍ വോട്ട് ചെയ്യാനെത്തിയ മൊയ്തീന് പറഞ്ഞു. അച്ഛനും അമ്മയും സഹോദരിയും സഹോദരനും നഷ്ടപ്പെട്ട അഭിജിത്ത് വോട്ട് ചെയ്യാന്‍ എത്തിയത് കണ്ണീരണിയിച്ചു.
മരിച്ചവരും കാണാതായവരുമായിട്ട് 211 വോട്ടര്‍മാരാണ് പ്രദേശത്തുണ്ടായിരുന്നത്. കാലക്രമേണ ഇവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെങ്കിലും ദുരന്തത്തിന് പിന്നാലെയെത്തിയ തെരഞ്ഞെടുപ്പില്‍ ഇവരുടെ വിവരങ്ങള്‍ ഉണ്ടായിരുന്നത് വേദനയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: