ശബരിമല: ഭക്തര്‍ക്ക് വിശ്രമിക്കാന്‍ പമ്പയില്‍ കൂടുതല്‍ നടപ്പന്തലുകള്‍ ഉയര്‍ന്നതോടെ മണല്‍പ്പരപ്പിന്റെ മുഖം ആകെ മാറി. ത്രിവേണി പാലത്തിലൂടെ പമ്പയിലേക്ക് ഇറങ്ങിയാല്‍ ആദ്യം ജര്‍മ്മന്‍ പന്തലാണ്. മൂവായിരത്തോളം പേര്‍ക്ക് ഇവിടെ വിശ്രമിക്കാം. ആധുനിക സാങ്കേതികതയില്‍ നിര്‍മിച്ച പന്തലിനുള്ളില്‍ അധികം ചൂടുണ്ടാവില്ല.
പന്തലിന്റെ തറ ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. പഴയ രാമമൂര്‍ത്തി മണ്ഡപം ഭാഗത്ത് നിര്‍മിച്ച പന്തല്‍ എപ്പോള്‍ വേണമെങ്കിലും അഴിച്ചുമാറ്റാം, വീണ്ടും സ്ഥാപിക്കാം. നിലയ്‌ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍പിലും ജര്‍മ്മന്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്.
പമ്പാ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ മൂന്ന് പുതിയ നടപ്പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നിലവില്‍ മൂന്നെണ്ണമുണ്ട്. ഒന്നില്‍ നാനൂറിലധികം ആളുകളെ ഉള്‍ക്കൊള്ളും. മേല്‍ക്കൂര ഓടുപാകി. നടപ്പന്തല്‍ ഇല്ലാത്ത ഭാഗങ്ങളില്‍ പഗോഡ മാതൃകയില്‍ കൂര പന്തല്‍ ഒരുക്കും. മരാമത്ത് വിഭാഗമാണ് പണികള്‍ നടത്തുന്നത്.
2018ലെ പ്രളയത്തില്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും കെട്ടിടങ്ങളും ഒലിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്ന് ഭക്തര്‍ക്ക് ക്യൂ നില്‍ക്കാനും വിശ്രമിക്കാനുമായി മൂന്ന് താല്‍ക്കാലിക പന്തലുകള്‍ നിര്‍മിച്ചിരുന്നു. ഇതു മതിയാകില്ലെന്നു കണ്ടാണ് പുതിയ മൂന്ന് പന്തലുകള്‍ നിര്‍മിച്ചത്. നടപ്പന്തലില്‍ നില്‍ക്കുന്നവര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യും.
വെര്‍ച്വല്‍ ക്യൂ കൗണ്ടറുകള്‍ നവീകരിച്ചു
പമ്പയിലെ വെര്‍ച്വല്‍ ക്യൂ കൗണ്ടറുകളും നവീകരിച്ചു. ഗണപതി ക്ഷേത്രത്തിന് സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്‌ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവില്‍ നില്‍ക്കാതെ കടന്നു പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക