India

9.5 ടണ്‍ ഭാരം വരെ നിലത്തിറക്കാം; പി-7 പാരച്യൂട്ട് സംവിധാനം സൈന്യത്തിന് കൈമാറി

Published by

ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി നിര്‍മിച്ച പി-7 പാരച്യൂട്ട് സിസ്റ്റം കരസേനയ്‌ക്ക് കൈമാറി. ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് (എഡിആര്‍ഡിഇ) പാരച്യൂട്ട് സിസ്റ്റം രൂപകല്‍പന ചെയ്തത്. 9.5 ടണ്‍ വരെ ഭാരത്തിലുള്ള പേലോഡുകള്‍ വേഗത്തിലും സുരക്ഷിതമായും എയര്‍ഡ്രോപ്പ് ചെയ്യാന്‍ പി-7 പാരച്യൂട്ടിന് കഴിയും.

പി-7 പാരച്യൂട്ട് സിസ്റ്റത്തിനായുള്ള അതോറിറ്റി ഹോള്‍ഡിങ് സീല്‍ഡ് രേഖകള്‍ (എഎച്ച്എസ്പി) ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിആര്‍ഡിഇ), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ക്വാളിറ്റി അഷ്വറന്‍സിന് (ഡിജിഎക്യു) എന്നിവര്‍ ഔപചാരികമായി കൈമാറി. തിങ്കളാഴ്ച ന്യൂദല്‍ഹിയിലെ ഡിആര്‍ഡിഒ ഭവനില്‍ നടന്ന കൈമാറ്റ ചടങ്ങ് പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ ഡോ. സമീര്‍ വി. കാമത്ത് നിര്‍വഹിച്ചു.

കാണ്‍പൂര്‍ ആസ്ഥാനമായുള്ള ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഓര്‍ഡനന്‍സ് പാരച്യൂട്ട് ഫാക്ടറി) ആണ് അത്യാധുനിക പാരച്യൂട്ട് സംവിധാനം നിര്‍മിച്ചിരിക്കുന്നത്. പാരച്യൂട്ടിന് ഐഎല്‍76 വിമാനത്തില്‍ നാല് കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 9.5 ടണ്‍ ഭാരം വരെ നിലത്തിറക്കാനുള്ള ശേഷിയുണ്ട്.

പി-7 പാരച്യൂട്ട് സൈന്യത്തിന്റെ ഭാഗമായതോടെ ലൈറ്റ് ഫീല്‍ഡ് തോക്കുകളും ജീപ്പുകളും പോലുള്ള നിര്‍ണായക ഉപകരണങ്ങളെ നേരിട്ട് അതിര്‍ത്തിയിലേക്കും ഉയര്‍ന്ന മേഖലകളിലേക്കും എയര്‍ഡ്രോപ്പ് ചെയ്യാന്‍ സാധിക്കും. ഇതിന്റെ 146 യൂണിറ്റുകള്‍ക്കായി സൈന്യം കാണ്‍പൂരിലെ ജിഐഎല്ലിന് (ഒപിഎഫ്) ഓര്‍ഡര്‍ നല്കിയതായും അധികൃതര്‍ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by