Kerala

മന്ത്രിമാര്‍ ജോര്‍ജ്കുര്യനെ പോലെയാകണം: സജി ചെറിയാന്‍

Published by

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയിലെ കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ക്ക് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നന്ദിപറഞ്ഞ് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ഉടന്‍ അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് 167 കോടി അനുവദിച്ചതില്‍ സന്തോഷമെന്നും സജിചെറിയാന്‍ പറഞ്ഞു. വിഴിഞ്ഞത്ത് കൃത്രിമ പാരുകള്‍ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഉദ്ഘാടകനായ ജോര്‍ജ് കുര്യനോട് മന്ത്രി നന്ദി അറിയിച്ചത്.

ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായി വന്നശേഷം നല്ലതുടക്കമാണ് കേരളത്തിന് ലഭിച്ചത്. മന്ത്രിയായി ചുമതലയേറ്റ ആദ്യം തന്നെ സംസ്ഥാനത്തിന് സന്തോഷിക്കാനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചുവെന്ന് അഞ്ചുതെങ്ങ് തുറമുഖവികസനം ചൂണ്ടിക്കാട്ടി സജിചെറിയാന്‍ പറഞ്ഞു.

മുതലപ്പൊഴിയിലെ അപകടങ്ങള്‍ കുറയ്‌ക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്. മൂന്നുമാസം കൊണ്ട് ഡിപിആര്‍ തയാറാക്കി പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്രമന്ത്രിയായി തിരുവന്തപുരത്ത് എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തെ കണ്ട് മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചു. ഡിപിആര്‍ സമര്‍പ്പിക്കുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞു. ഡിപിആര്‍ സമര്‍പ്പിച്ചതിന് പിന്നാലെ അതിവേഗം 167 കോടിക്ക് അംഗീകാരം ലഭിച്ചു. കേന്ദ്രമന്ത്രിയുടെ ഈ സഹായത്തിന് ആത്മാര്‍ത്ഥമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും സജിചെറിയാന്‍ പറഞ്ഞു.

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ സഹായങ്ങളും ഇപ്പോള്‍ നടന്നുവരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതികളുടെ കേന്ദ്രസഹായവും മന്ത്രി വിവരിച്ചു.
മന്ത്രിമാരായാല്‍ ജോര്‍ജ് കുര്യനെപോലെ ആകണമെന്ന് പറഞ്ഞ് സജി ചെറിയാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഒരു കാര്യം പറഞ്ഞാല്‍ മനസിലാകുന്ന മന്ത്രിയാണ് ജോര്‍ജ് കുര്യന്‍.

കാര്യങ്ങള്‍ മനസിലാക്കിയാല്‍ ചെയ്യാന്‍ പറ്റുന്ന കാര്യമാണെങ്കില്‍ ചെയ്യാമെന്ന് പറയും. ഇല്ലെങ്കില്‍ പറ്റില്ലെന്ന് പറയും. മന്ത്രിമാരായാല്‍ അങ്ങനെ വേണം. പറ്റുമെങ്കില്‍ പറ്റുമെന്ന് പറയണം. ഇല്ലെങ്കില്‍ ഇല്ലെന്ന് പറയണം. വെറുതെ നടന്ന് കാല് തേഞ്ഞിട്ട് കാര്യമില്ല. ജോര്‍ജ് കുര്യന്‍ പ്രായോഗിക രാഷ്‌ട്രീയക്കാരനാണ്. അതുകൊണ്ട് ഭരണപരമായ കാര്യത്തില്‍ മികവുണ്ടാകുമെന്നും അദ്ദേഹത്തിന്റെ നല്ല മനസും പിന്തുണയും വീണ്ടും പ്രതീക്ഷിക്കുന്നുവെന്നും സജിചെറിയാന്‍ പറഞ്ഞു. വിഴിഞ്ഞത്ത് രണ്ട് ഫിഷിങ് ഹാര്‍ബര്‍, കടലില്‍ കാണാതാകുന്നവരുടെ ഇന്‍ഷുറന്‍സ് തുക അഡ്വാന്‍സ് ആയി നല്‍കാന്‍ അനുമതി തുടങ്ങിയവയ്‌ക്കുള്ള സഹായമുണ്ടാകണമെന്നും സജി ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക