ഉടുമ്പന്നൂർ: വേളൂർ തേക്ക് പ്ലാൻ്റേഷനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം. ചൊവ്വാഴ്ച രാത്രിയിൽ ഓലിപ്പാറയിലെ ജനവാസമേഖലയിലാണ് കാട്ടാനകൂട്ടം എത്തിയത്.
പുരയിടത്തിലേക്ക് ഇറങ്ങുന്നതിനായി പ്ലാൻ്റേഷൻ അതിർത്തിയിൽ നിലയുറപ്പിച്ച ആനക്കൂട്ടം നാട്ടുകാർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു. മുൻപ് ഇതിന് സമീപത്തുള്ള വരിക്കമറ്റം, പൊങ്ങൻതോട്, വേളൂർ എന്നീ ജനവാസ മേഖലകളിലും ആനകൾ എത്തിയിരുന്നു.
ഇടയ്‌ക്കിടെ ആനകൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഇവിടെ സ്ഥിരതാമസമുള്ള പലരും വീട് വാടകയ്‌ക്ക് എടുത്ത് താമസം മാറിയ സാഹചര്യവുമുണ്ട്. പല പ്രദേശങ്ങളിലും കാട്ടാനകൾ കൃഷി നാശം വരുത്തുന്നതും കാർഷിക മേഖലയായ ഈ പ്രദേശത്തുള്ളവർക്ക് വൻതിരിച്ചടിയാണ്.
വന്യമൃഗശല്യത്തിന് പുറമേ വനത്തിലൂടെയുള്ള യാത്രാ ദുരിതവും, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളും കണക്കിലെടുത്ത് വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലേക്ക് മേഖലയിലെ പല കുടുംബങ്ങളും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: