ന്യൂദൽഹി: വിമാനത്താവളങ്ങളിലും മറ്റ് സുപ്രധാന ഇടങ്ങളിലും സേനയുടെ വർദ്ധിച്ചുവരുന്ന ചുമതലകൾ കണക്കിലെടുത്ത് 1,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന രാജ്യത്തെ ആദ്യത്തെ ഓൾ വുമൺ സിഐഎസ്എഫ് റിസർവ് ബറ്റാലിയന് കേന്ദ്ര സർക്കാർ അനുമതി നൽകി.
രണ്ട് ലക്ഷം പേരുടെ അംഗീകൃത അംഗബലത്തിൽ നിന്നാണ് യൂണിറ്റ് ഉയർത്തുകയെന്ന് അധികൃതർ പറഞ്ഞു. സീനിയർ കമാൻഡൻ്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ ആകെ 1,025 ഉദ്യോഗസ്ഥരുള്ള പ്രത്യേക വനിതാ റിസർവ് യൂണിറ്റിന് ഈ ആഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയത്.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് നിലവിൽ 12 റിസർവ് ബറ്റാലിയനുകൾ ഉണ്ട്. പാർലമെൻ്റ് ഹൗസ് കോംപ്ലക്‌സ് പോലുള്ള ഇടങ്ങളിലെ സുരക്ഷ, തിരഞ്ഞെടുപ്പ് നടത്താനുള്ള താൽക്കാലിക ചുമതലകൾ തുടങ്ങിയവയിൽ ഈ യൂണിറ്റുകളും സേവനം നിർവഹിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടാതെ രാജ്യത്ത് 68 എയർപോർട്ടുകൾ, ദൽഹി മെട്രോ, താജ്മഹൽ, ചെങ്കോട്ട തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ എന്നിവിടങ്ങളിലും സേനയ്‌ക്ക് വലിയ വനിത സാന്നിധ്യം ഉണ്ട്.
ഇതിനു പുറമെ ബെംഗളൂരുവിലെയും പൂനെയിലെയും ഇൻഫോസിസ് ഓഫീസുകൾ, ഗുജറാത്തിലെ റിലയൻസ് റിഫൈനറി , ആണവ എയ്‌റോസ്‌പേസ് മേഖലയിലും സേന പരിരക്ഷ നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: