പാലക്കാട്: നെല്ല് സംഭരണത്തിലെ കാലതാമസം, സംഭരണ വില വര്ധിപ്പിക്കാത്തതുള്പ്പെടെ വിവിധ പ്രശ്നങ്ങളാല്‍ പാലക്കാട്ടെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ കുഴല്‍മന്ദം ബ്ലോക്ക് പാടശേഖര സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി, വയനാട് പാക്കേജ് പോലെ പാലക്കാട്ടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിടാനുതകുന്ന പാക്കേജാണ് ആവശ്യം. കേന്ദ്രം സംഭരണവില കൂട്ടുമ്പോള്‍ അത് കുറയ്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയമാണ്. കേന്ദ്രവിഹിതം നേരിട്ട് കര്‍ഷകര്‍ക്ക് ലഭിക്കുകയെന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ത്ഥ്യമാക്കാനായി ഇടപെടുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.
കുഴല്‍മന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് കെ.എ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. താങ്ങുവില കിലോയ്ക്ക് 35 രൂപയാക്കി പ്രഖ്യാപിക്കുക, സംഭരണം ഊര്‍ജിതമാക്കുക, പിആര്‍എസ് വായ്പ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം വൈസ് ചെയര്മാന് പി.ആര്. കരുണാകരന് അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ എം.സി. മുരളീധരന്, വൈസ് ചെയര്മാന് ഐ.സി. ബോസ്, സജീഷ് കുത്തനൂര്‍, സുരേഷ്കുമാര്‍ പെരിങ്ങോട്ടുകുറുശ്ശി, ഉണ്ണികൃഷ്ണന് മാത്തൂര്‍, അപ്പു കോട്ടായി, കര്‍ഷക സംഘടനാ നേതാക്കളായ പ്രഭാകരന് കൊല്ലങ്കോട്, മുതലാംതോട് മണി, വിജയന്, ശിവാനന്ദന്, ചിദംബരന്‍കുട്ടി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: