കൊച്ചി/ മലപ്പുറം: വര്‍ഗീയത പറയുന്നുവെന്ന് ആരോപിച്ച് ഞങ്ങളുടെ വായ അടയ്‌ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് തലശേരി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംബ്ലാനി. അങ്ങനെ കരുതുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ചില സ്വകാര്യ ചാനലുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്ത് സമാനതകളില്ലാത്ത സങ്കടമാണ്. ഇത് ഇനിയും മനസിലാക്കാത്ത ചില രാഷട്രീയ നേതാക്കള്‍ ഉണ്ടെന്നുള്ളത് ദുഖകരമാണ്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തില്‍ കരിനിഴല്‍ വീഴ്‌ത്തുന്ന രീതിയില്‍ മന്ത്രിമാര്‍ പോലും സംസാരിക്കുന്നത് ദുഖകരമാണ്.
ന്യൂനപക്ഷ ക്ഷേമമന്ത്രി വഖഫ് കാര്യം മാത്രം അന്വേഷിച്ചാല്‍ പോര, ഇതര ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളും ചിന്തിക്കേണ്ടതുണ്ട്. പ്രിയ മ്രന്തി ഞങ്ങള്‍ പറയുന്നത് വര്‍ഗീയതയല്ല, തീവ്രവാദമല്ല. സ്വന്തം അധ്വാനത്തിന്റെ ഫലം എണ്ണിക്കൊടുത്ത്, രാജ്യത്തെ നിയമം അനുസരിച്ച് ആധാരം ചെയ്ത് വാങ്ങിയ വസ്തുവില്‍ നിന്ന് ഒരു പ്രഭാതത്തില്‍ ഇറങ്ങിപ്പോകണമെന്ന് പറയുന്നത് അന്യായമാണ്.
ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. അനീതിപരമായ കുടിയിറക്കലുകള്‍ക്ക് എതിരെ പോരാടിയ പാരമ്പര്യമാണ് കത്തോലിക്കാ സഭയുടേത്. വര്‍ഗീയതയുടെ നിറം ചാര്‍ത്തി ഞങ്ങളുടെ വായ അടയ്‌ക്കാമെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢ സ്വര്‍ഗത്തിലാണ്, മാര്‍ പാംബ്ലാനി പറഞ്ഞു.
വഖഫ് ആക്ടിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയെ ലംഘിക്കുന്നവയാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കൈയാളാന്‍ ഒരു മതത്തിന്റെയും പ്രത്യേക നിയമങ്ങെള അനുവദിക്കാന്‍ ആവില്ല.
ഇവിടെ വഖഫ് ട്രൈബ്യൂണല്‍ എന്നത് പ്രതി തന്നെ ന്യായാധിപനാകുന്ന അരാജകത്വം നാട്ടില്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം വകുപ്പുകള്‍ തിരുത്തുക തന്നെ വേണം. അത്തരം തിരുത്തലുകള്‍ വഴി മാത്രമേ ജനാധിപത്യം ശക്തമായി മുന്നോട്ടു പോകൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുനമ്പത്തേത് വഖഫ് ഭൂമിയാണെങ്കില്‍ അത് വഖഫ് ബോര്‍ഡിന് ലഭിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍.
നിയമ വിരുദ്ധമായി വഖഫ് ഭൂമി എങ്ങനെ കോഴിക്കോട്ടെ ഫാറൂഖ് കോളജ് വിറ്റു എന്നത് വ്യക്തമാക്കേണ്ടത് അവരാണ്. വസ്തു വാങ്ങുന്നവരാണ് ഭൂമി സംബന്ധമായ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്. മുനമ്പത്തെ വിഷയത്തില്‍ രേഖകള്‍ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: