കോട്ടയം: കേരളത്തിലേക്ക് പുതിയ വികസന പദ്ധതികള്‍ വരാനിരിക്കുകയാണെന്നും അതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടവും, പുതിയ ടിക്കറ്റ് ബുക്കിംഗ് ഓഫീസും എസ്‌കലേറ്ററും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതികളാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകളും, റെയില്‍വേ ക്രോസിന് പകരം മേല്‍പ്പാലങ്ങളും വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷം റെയില്‍വേയില്‍ അഭൂതപൂര്‍വമായ വികസനമാണ് നടക്കുന്നത്. കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകരുടെ തിരക്കു കൂടി കണക്കിലെടുത്താണ് രണ്ടാം കവാടം സജ്ജമാക്കുന്നത്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് ഉത്സവകാലം ആരംഭിക്കും മുമ്പു തന്നെ കവാടം തുറക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംപിമാരായ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍, റെയില്‍വേ ഡിവിഷിണല്‍ മാനേജര്‍ ഡോ. മനീഷ് തപല്‍യാല്‍, സ്‌റ്റേഷന്‍ മാനേജര്‍ പി. വി. വിജയകുമാര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ കെ. എന്‍. ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക