ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ മാത്രമല്ല, എല്ലാ മേഖലകളിലേയും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിലെ ഡിഫന്‍സ് ഡയലോഗ് എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയിലെ ഭീകരതയും സൈബര്‍ ആക്രമണവും അടക്കം ഭാരതം വിവിധ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ശക്തമായി നേരിടുന്നതിന് അഡാപ്റ്റീവ് ഡിഫെന്‍സ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാജ്യം. മുന്‍കൂട്ടിക്കണ്ട് ഇവ ചെറുത്ത് വെല്ലുവിളി ഇല്ലാതാക്കുന്ന രീതിയാണിത്. ഭാവിയിലെ എല്ലാ വെല്ലുവിളികളേയും പ്രതിരോധിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണിത്, അദ്ദേഹം പറഞ്ഞു.
ഗ്രേ സോണിന്റെയും ഹൈബ്രിഡ് യുദ്ധമുഖങ്ങളുടേയും കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ അതിനൂതന സാങ്കേതിക വിദ്യകള്‍ പ്രതിരോധ മേഖലയില്‍ കൊണ്ടുവരണം. ലോകത്തിന്റെ ഡ്രോണ്‍ ഹബായി മാറാനുള്ള ലക്ഷ്യത്തിലാണ് ഭാരതം. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്കും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും മുതല്‍ക്കൂട്ടാകും. ഭാരതത്തെ ലോകത്തിന്റെ ഡ്രോണ്‍ ഹബാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. വിവിധ പദ്ധതികളുടെ സഹായത്തോടെയുള്ള കണ്ടെത്തലുകള്‍ക്ക് പ്രതിഫലവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രോണുകളും പുത്തന്‍ സാങ്കേതിക വിദ്യകളും, യുദ്ധ രീതികളിലും തന്ത്രങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കര, ജലം, വായു എന്നീ മൂന്ന് തലങ്ങളെ അടിസ്ഥാനമാക്കിയുള്ള പഴയ യുദ്ധരീതിതന്നെ മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഡ്രോണുകളുടെ കണ്ടുപിടിത്തവും പ്രതിരോധമേഖലയിലും പ്രതിഫലിച്ചു. ഭാരതം നിലവില്‍ നൂറിലധികം രാജ്യങ്ങള്‍ക്കായി പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 2023 -2024 ല്‍ അമേരിക്ക, ഫ്രാന്‍സ്, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ക്ക് വേണ്ടി രാജ്യം പ്രതിരോധ ഉപകരണങ്ങള്‍ കൂടുതലും നല്‍കിയിട്ടുള്ളത്. 2029 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയെന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക