ന്യൂദല്‍ഹി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 20 മുതല്‍ 28 വരെ ഗോവയില്‍ അരങ്ങേറും. 81 രാജ്യങ്ങളില്‍ നിന്നുള്ള 180ലധികം സിനിമകള്‍ ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള നാലു ചിത്രങ്ങള്‍ അടക്കം 25 സിനിമകളാണുള്ളത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രണ്ട് തമിഴ് സിനിമകള്‍ അടക്കം ഇരുപതെണ്ണം പ്രദര്‍ശിപ്പിക്കും.
വിഖ്യാത ഓസ്ട്രേലിയന്‍ സംവിധായകന് ഫിലിക് നോയ്സിന് സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മേളയില്‍ സമ്മാനിക്കും.
ആഗോളതലത്തിലുള്ള സിനിമകള്‍ക്കൊപ്പം ഭാരതീയ സിനിമകള്‍ക്കും പ്രാധാന്യം നല്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള വേദിയാണ് ഗോവന്‍ ചലച്ചിത്രോത്സവമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുഗന് പറഞ്ഞു. പ്രദര്‍ശിപ്പിക്കുന്ന വിദേശ സിനിമകളുടെ എണ്ണം ഗോവന്‍ മേളയെ കാന്‍ ചലച്ചിത്രമേളയ്ക്ക് സമാനമാക്കി വളര്‍ത്തുകയാണെന്നും എല്‍. മുരുഗന് പറഞ്ഞു.
ഗോവന്‍ മേളയുടെ പ്രചാരണാര്‍ത്ഥം മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ റോഡ് ഷോകള്‍ അടക്കം നടത്തി മേളയ്ക്ക് വലിയ ജനപ്രാതിനിധ്യമുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് സംഘാടകരെന്ന് വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, പ്രസൂണ്‍ ജോഷി തുടങ്ങിയവരും ഗോവന്മേളയുടെ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: