ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 81 അംഗ നിയമസഭയിലെ 43 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. രണ്ടരക്കോടിയിലേറെ വരുന്ന സംസ്ഥാനത്തെ വോട്ടര്‍മാരില്‍ പകുതിയോളം പേര് സമ്മതിദാനാവകാശം വിനിയോഗിക്കും. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളുടെ സാന്നിധ്യം നാമമാത്രമാണ്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
17 ജനറല്‍ സീറ്റുകളും 26 പട്ടികജാതി, പട്ടികവര്‍ഗ സീറ്റുകളുമാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്. ജെഎംഎം മുഖ്യമന്ത്രിയായിരുന്ന ചംപായ് സോറന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന സരായ്കലയാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം. ആറുതവണയായി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചംപായ് സോറന്. മുന്‍ കോണ്‍ഗ്രസ് എംപി ഗീതാ കോഡ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ജഗന്നാഥ്പൂരും ആദ്യഘട്ടത്തിലുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത. ഝാര്‍ഖണ്ഡിലെ 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 20ന് മഹാരാഷ്ട്രയിലെ വോട്ടെടുപ്പിനൊപ്പം നടക്കും. ഒറ്റ ഘട്ടമായാണ് മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. 23നാണ് എല്ലാ സ്ഥലത്തും വോട്ടെണ്ണല്‍.
12 സംസ്ഥാനങ്ങളിലെ 33 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: