തിരുവനന്തപുരം: വഖഫ് ബോര്‍ഡിന്റെ ഇരകളായ മുനമ്പത്തെ തീരദേശജനതയ്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് തലസ്ഥാന നഗരിയിലെ കത്തോലിക്കാ രൂപതകളും ക്രൈസ്തവസഭാ വിഭാഗങ്ങളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകരും. രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പ്രതിഷേധം ഇരമ്പി. സര്‍ക്കാര്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ വൈകിക്കരുതെന്നും ഐക്യദാര്‍ഢ്യ സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഐക്യദാര്‍ഢ്യ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലുകള്‍ ഇത്രയും നീട്ടി പോകേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അടിയന്തരമായി ഇടപെടേണ്ട കാര്യങ്ങളില്‍ അടിയന്തരമായി ഇടപെട്ട് തീരുമാനങ്ങള്‍ കൈക്കൊള്ളണം. ശാശ്വതമായ പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാകണം. അനീതി നിറഞ്ഞ ന്യായമല്ലാത്ത കാര്യങ്ങള്‍ ഒരു ജനസമൂഹം അനുഭവിക്കുമ്പോള്‍ അതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണമെന്ന കാര്യത്തില്‍ ഒരു തീര്‍പ്പും ഇല്ലെന്നും പൊതുസമൂഹം വസ്തുതകള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ വരും പോകും. പാര്‍ട്ടികള്‍ ജയിക്കും, തോല്‍ക്കും. അത് സ്വാഭാവികമാണ്. പ്രകോപനപരമായും വൈകാരികമായും പ്രതികരിക്കാന്‍ തയാറാകുന്നില്ല. മനുഷ്യത്വ രഹിതമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കുവാനും ദുരിതമനുഭവിക്കുന്ന ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുവാനുമുള്ള മനസും ഹൃദയവും നമുക്കുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മുനമ്പത്തെ ജനങ്ങളെ കുടിയിറക്കില്ല എന്ന് പറഞ്ഞ് ആരുടെയും ഔദാര്യമൊന്നും വേണ്ടെന്നും അവരുടെ റവന്യൂ അവകാശങ്ങള്‍ പരിപൂര്‍ണമായി, ശാശ്വതമായി പുനഃസ്ഥാപിച്ചു കൊടുക്കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയാറാകുന്നില്ലെന്നും കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ പറഞ്ഞു.
മുനമ്പത്തെ ഭൂമിക്ക് തത്തുല്യമായ ഭൂമി കാസര്‍കോട് വഖഫിന് നല്കി പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ടെന്നും അങ്ങനെ സര്‍ക്കാരിന്റെ ഭൂമി ആര്‍ക്കെങ്കിലും തീറെഴുതി കൊടുക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് നിയമപരമായി കാര്യങ്ങള്‍ പരിഹരിക്കണമെന്നും മുനമ്പത്തെ ജനങ്ങളുടെ ജന്മാവകാശം ഉറപ്പുവരുത്തണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ എച്ച്. പെരേര ആവശ്യപ്പെട്ടു.
പീഡനവും വേദനയും അനുഭവിക്കുന്ന ജനസമൂഹത്തോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുക എന്നത് ഏതൊരു മനുഷ്യസ്നേഹിയുടെയും കടമയാണെന്ന് മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ് പറഞ്ഞു.
മുനമ്പത്തെ ജനങ്ങള്‍ക്ക് എത്രയും പെട്ടന്ന് നീതി ലഭ്യമാകണം. ഇത് ഏതെങ്കിലും മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല. ഭരണഘടന ഉറപ്പു നല്കുന്ന ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരം. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെയും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.
ഫാ. സജി എസ്ഡിബി, ഫാ. ജോസഫ് മോര്‍ലി കൈതപ്പറമ്പില്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, ബീമാപള്ളി റഷീദ്, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, ജോളി പത്രോസ്, ജേക്കബ് നിക്കോളാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: