റാഞ്ചി: ആരൊക്കെ എതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവപ്പെട്ടവരുടെയും ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും സ്വത്തുക്കളാണ് വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നത്. വഖഫ് നിയമത്തിലെ ഇതിനനുകൂലമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരെല്ലാം എതിര്‍ത്താലും അതു ചെയ്തിരിക്കും. ഝാര്‍ഖണ്ഡിലെ ബാഗ്മാരയില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഭൂമി തട്ടിപ്പറിക്കുകയാണ് വഖഫിന്റെ സ്വഭാവം. കര്‍ണാടകയില്‍ അത് ഗ്രാമീണരുടെ സ്വത്തു മുഴുവന്‍ വിഴുങ്ങി. നിങ്ങള്‍ പറയൂ, വഖഫ് നിയമങ്ങളില്‍ മാറ്റം വേണ്ടേ? അദ്ദേഹം ജനക്കൂട്ടത്തോട് ആരാഞ്ഞു. ഭേദഗതിയെ രാഹുല്‍ എതിര്‍ക്കുകയാണ്. ആരെതിര്‍ത്താലും ബിജെപി അതു പാസാക്കും. ഒരാള്‍ക്കും ഞങ്ങളെ തടയാനാകില്ല. പൊതു സിവില്‍ നിയമം കൊണ്ടുവരുന്നതും ആര്‍ക്കും തടയാനാകില്ല, അദ്ദേഹം പറഞ്ഞു.
മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അമിത് ഷായുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവും.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കുമെന്ന് നേരത്തെ അമിത് ഷാ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സമ്മേളനത്തിലാണ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുകയും വഖഫിനുവേണ്ടി നിലകൊള്ളുകയും ചെയ്തതോടെ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടുകയായിരുന്നു. മുതിര്‍ന്ന ബിജെപിനേതാവ് ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബില്‍ പരിശോധിച്ചുവരുന്നത്. ഇതിനകം ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള ആയിരക്കണക്കിന് കത്തുകളാണ് സമിതിക്ക് ലഭിച്ചത്. എന്നാല്‍ ഇവയില്‍ മിക്കവയും ഒരേ സ്വഭാവമുള്ളതായതിനാല്‍ ഇത്തരം കത്തുകള്‍ അയച്ചത് ആസൂത്രിതമായിട്ടാണെന്നാണ് സമിതി കരുതുന്നത്. സമിതി അംഗങ്ങള്‍ പലയിടങ്ങളിലും ജനങ്ങളെ നേരിട്ടുകണ്ട് തെളിവെടുക്കുന്നുണ്ട്. മുനമ്പത്ത് ബിജെപി നേതാവും സമിതി അംഗവുമായ അപരാജിത സാരംഗിയാണ് ജനങ്ങളെ നേരിട്ടു കണ്ട് പരാതി കേട്ടത്. ഈ മാസം 25നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. ഡിസംബര്‍ 20 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക