അരിമ്പൂര്‍: ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വയോധികയെ ഡമ്മി നോട്ട് കൊടുത്ത് കബളിപ്പിച്ച് ടിക്കറ്റും പണവും കവര്‍ന്നു. തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയില്‍ അരിമ്പൂര്‍ നാലാംകല്ല് കോവില്റോഡിന് മുന്നില്‍ കച്ചവടം ചെയ്യുന്ന അറുപതുകാരിയായ മനക്കൊടി നടുമുറി സ്വദേശി ആനാംപറമ്പില്‍ വീട്ടില്‍ കാര്‍ത്യായനിയാണ് തട്ടിപ്പിന് ഇരയായത്.
ഭര്‍ത്താവ് കൊച്ചുമോന്റെ മരണശേഷം എട്ടു മാസമായി കാര്‍ത്യായനി ലോട്ടറി വില്‍പ്പന തുടങ്ങിയിട്ട്. മക്കളില്ലാത്ത ഇവര്‍ സഹോദരന്റെ വീട്ടിലാണ് താമസം. ബൈക്കിലെത്തിയ യുവാവാണ് ലോട്ടറി വാങ്ങിയ ശേഷം 500 രൂപയുടെ ഡമ്മി നോട്ട് നല്‍കിയത്. ഷൂട്ടിങ്ങിനും കുട്ടികള്‍ക്ക് കളിക്കാനുമായി അച്ചടിച്ചിട്ടൂള്ള ചില്‍ഡ്രന്‍സ് നോട്ട് എന്നെഴുതിയ നോട്ട് തിരിച്ചറിയാന്‍ കാര്‍ത്യായനിക്കായില്ല.
40 രൂപയുടെ 2 ലോട്ടറി ടിക്കറ്റ് യുവാവ് എടുത്തു. പണമായി നല്കിയ ഡമ്മി നോട്ട് മാറി ബാക്കി 420 രൂപ യുവാവിന് നല്കി. പിന്നീട് വില്‍പ്പനക്കുള്ള ലോട്ടറി എടുക്കാനായി പോയപ്പോളാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി കാര്‍ത്യായനിക്ക് മനസിലായത്. ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ കൂടി വരുന്നുണ്ടെങ്കിലും ഡമ്മി നോട്ട് കൊടുത്ത് തട്ടിപ്പ് നടത്തുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: