മാള: മാള കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിച്ച് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ആരോഗ്യ -കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
നിലവില്‍ മാള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു സൂപ്രണ്ടും രണ്ട് അസിസ്റ്റന്റ് സര്ജ്ജന്മാരും ഒരു താത്ക്കാലിക ഡോക്ടറും ഒരു ദന്ത ഡോക്ടറടക്കം അഞ്ച് ഡോക്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം താത്ക്കാലിക ഡോക്ടര്‍ ഉപരി പഠനത്തിന് സേവനം നിര്‍ത്തി പോവുകയും ചെയ്തു. മാള സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരടക്കം ഏഴ് ഡോക്ടര്‍മാരാണ് വേണ്ടത്. കുത്തിവയ്പ്പുകള്‍, ക്യാമ്പുകള്‍ എന്നിവക്കു പുറമെ ജില്ലയിലെത്തുന്ന വിഐപികളുടെ ആരോഗ്യ സുരക്ഷയ്ക്കായി ഒരു ഡോക്ടര്‍, നേഴ്സ്, നേഴ്സിങ്ങ് അസിസ്റ്റന്റ് എന്നിവര്‍ പോയാല്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരും.
44 ലക്ഷം രൂപ ചെലവില്‍ ഡോക്ടര്‍മാര്‍ക്കായി നിര്‍മ്മിച്ച ആശുപത്രി ക്വാര്‍ട്ടേഴ്സും ഡോക്ടര്‍മാര്‍ ഇല്ലാത്തതു കാരണം അടഞ്ഞു കിടക്കുകയാണ്. രാത്രിയില്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ വന്നാല്‍ ഡോക്ടര്‍മാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് പതിവ്.
ആശുപത്രി വികസന സമിതിക്ക് ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിക്കുവാന്‍ സാമ്പത്തിക ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്ത്തകന് ഷാന്റി ജോസഫ് തട്ടകത്ത് മാള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: