Article

മുനമ്പത്ത് പാലക്കാടന്‍ കാറ്റ്

Published by

ഫാ. സജി ജോസഫ്
പാലക്കാട്

കേരളത്തിന്റെ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നതില്‍ കാലാവസ്ഥാ പരമായി പാലക്കാടന്‍ കാറ്റിന് വലിയ പ്രാധാന്യം ഉണ്ട്. ‘പാലക്കാട് ഗ്യാപ്പ് ‘ എന്നറിയപ്പെടുന്ന സഹ്യന്റെ വിടവിലൂടെ അടിച്ചെത്തുന്ന തമിഴ്നാട്ടിലെ ചുട് കാറ്റാണ് പാലക്കാടന്‍ പാടങ്ങളെയും, മലനിരകളെയും ചൂടാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. മാറുന്ന രാഷ്‌ട്രീയ കാലാവസ്ഥയില്‍ ഉപതെരഞ്ഞെടുപ്പിലെ പാലക്കാടന്‍ കാറ്റാണ് കേരളത്തിലെ രാഷ്‌ട്രീയ പൊതുമണ്ഡലത്തിലെ ചൂടന്‍ ചര്‍ച്ച.

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ ഞായറാഴ്ച മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ പാലക്കാട് രൂപതയുടെ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളോടൊപ്പം പാലക്കാട് രൂപതാ അദ്ധ്യക്ഷന്‍ ബിഷപ് പീറ്റര്‍ കൊച്ചുപുരക്കല്‍ മുനമ്പം സമരപ്പന്തലിലെത്തി. ഇത് ഉപതെരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ടെ ജനവിധിയെ സ്വാധീനിക്കുമോ എന്ന ആശങ്കയിലാണ് ഇടത്-വലത് മുന്നണികള്‍. പാലക്കാട്ടെ ഏകദേശം എണ്ണായിരത്തോളം ക്രിസ്ത്യന്‍ വോട്ടുകളായിരിക്കും വിധി നിര്‍ണയിക്കുക എന്നിരിക്കെ, വഖഫില്‍ അനുനയ ശ്രമങ്ങള്‍ക്കായി അരമനയിലെഎത്തുന്ന നേതാക്കന്മാരുടെ എണ്ണം ഏറുകയാണ്.

വഖഫില്‍ കോണ്‍ഗ്രസ് നിലപാട് എന്ത്?

മുനമ്പത്ത് എത്തിയ പാലക്കാടിന്റെ ചോദ്യമിതായിരുന്നു. വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് എന്താണ്? 1995ലും, 2013ലും വഖഫില്‍ നടത്തിയ ഭേദഗതികളാണ് ഇപ്പോള്‍ ഏറ്റവും ദോഷമായി മാറിയിരിക്കുന്നത്. ഇതില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. മുന്‍കാലങ്ങളില്‍ ഭരണഘടനാ വിരുദ്ധ ഭേദഗതികള്‍ കൊണ്ടുവന്നവര്‍ക്ക് ഭരണഘടനാ വിധേയമായ ഭേദഗതിയെ എങ്ങനെയാണ് എതിര്‍ക്കാന്‍ കഴിയുന്നത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വോട്ട് മാത്രം ലക്ഷ്യം വച്ച് നിലപാട് എടുക്കുന്ന രാഷ്‌ട്രീയ സംവിധാനത്തിന് മതേതരത്വത്തിന്റെ നിറം നല്കാന്‍ ശ്രമിക്കുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടെന്ന് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിയണം. കോണ്‍ഗ്രസിന് ജന്മം നല്‍കിയവരും വളര്‍ത്തിയവരും ഒരു കാലത്തും സ്വീകരിക്കാത്ത നിലപാടാണ് ഈ കാലഘട്ടത്തിലെ കോണ്‍ഗ്രസ് മുന്നണി സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വോട്ടിന്റെ രാഷ്‌ട്രീയമല്ല, മറിച്ച് രാഷ്‌ട്രീയത്തിലെ നിലപാടാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്.

മുനമ്പത്ത് സര്‍ക്കാര്‍ മൗനം വെടിയണം

മുനമ്പം വിഷയത്തില്‍ സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് മുനമ്പം ജനതക്ക് അവകാശമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മൗനത്തിന്റെ അടവുനയം അവസാനിപ്പിക്കണം. മുനമ്പത്തു നിന്ന് ആരേയും കുടിയിറക്കില്ല എന്ന് ആവര്‍ത്തിക്കുന്നതില്‍ കാര്യമില്ല. മുനമ്പം ജനതക്ക് അവരുടെ ഭൂമിയുടെ മേലുള്ള അവകാശം സ്ഥാപിച്ച് നല്‍കലാണ് അടിയന്തര ആവശ്യം. മുനമ്പം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തെ വില കുറച്ച് കാണുന്നില്ല. പക്ഷേ ആ ചര്‍ച്ചയില്‍ മുനമ്പത്തിന്റെ പ്രതിനിധികള്‍ക്കൂടി ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. വഖഫ് വിഷയത്തില്‍ തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം. കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് പ്രസക്തമാണ്. അത് സത്യത്തിനും നീതിക്കും അതിജീവനത്തിനായ് സമരം ചെയ്യുന്ന ജനതക്കും ഒപ്പമാണെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ഉറപ്പാക്കണം.

ന്യൂനപക്ഷ മന്ത്രി അഭിപ്രായങ്ങള്‍ പറഞ്ഞ് ചെറുതാകരുത്

ന്യൂനപക്ഷത്തിന്റെ മന്ത്രിയെങ്കിലും അഭിപ്രായങ്ങള്‍ക്കൊണ്ട് സമൂഹത്തില്‍ അദ്ദേഹം ചെറുതാകരുത്. നീതിക്കുവേണ്ടിയുള്ള സാധാരണ മനുഷ്യരുടെ സമരത്തെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കൊന്നുകളയാം എന്ന് മന്ത്രിയെന്നല്ല ഒരു വ്യക്തിയും ധരിക്കരുത്. അപക്വമായ ചില നിലപാടുകള്‍ ഏതെങ്കിലുമൊരു മന്ത്രി സ്വീകരിച്ചാല്‍ തിരുത്താനുള്ള ജാഗ്രത മുഖ്യമന്ത്രി കാണിക്കണം.

മുനമ്പം ഭൂമി പ്രശ്‌നമോ? നിയമ പ്രശ്‌നമോ?

മുനമ്പം ഭൂമി പ്രശ്‌നമല്ല. അതൊരു നിയമ പ്രശ്‌നമാണ് എന്ന നിലപാടാണ് പാലക്കാട് രൂപത ആദ്യം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചിരുന്നത്. അത് വി.ഡി. സതീശന്‍ പറഞ്ഞതുപോലെ വഖഫ് ഭൂമി അല്ലെങ്കില്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ പകരം ഭൂമി നല്‍കുന്നത് പ്രതിപക്ഷം അംഗീകരിക്കുമോ? വ്യക്തമാക്കണം.

ഇത് ഒരു നിയമ പ്രശ്‌നമെങ്കില്‍ മുനമ്പത്തെ ഭൂമിക്ക് പകരം ഭൂമി നല്കിയാലും പ്രശ്‌നം പരിഹരിക്കപ്പെടുമോ? നിലവിലുള്ള ഭേദഗതിയുടെ കരടില്‍ എന്ത് ഭരണഘടനാവിരുദ്ധതയാണ് ഉള്ളതെന്നും, ബില്ലിനെ എതിര്‍ത്ത ഇരുമുന്നണികളും പൊതുസമൂഹത്തോട് വ്യക്തമാക്കണം. കേരളത്തിന്റെ സാമൂഹിക അന്തരിഷത്തില്‍ വഖഫ് ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ തണുപ്പിക്കാന്‍ നിയമം നിര്‍മിച്ചവര്‍ക്കും, നിലവിലുള്ള നിയമത്തെ അതേപടി സംരക്ഷിക്കണം എന്ന് വാശി പിടിക്കുന്നവര്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. സമൂഹത്തിലെ ചില ജീര്‍ണ്ണതകളെ ശ്രദ്ധയില്‍ പെടുത്തുന്നവരെ വര്‍ഗീയവാദികളാക്കി നിശബ്ദരാക്കിക്കളയാം എന്നത് മലര്‍പ്പെടിക്കാരന്റെ സ്വപ്‌നം മാത്രമെന്ന് മന്ത്രിയും, മന്ത്രിയെ ആയുധമാക്കുന്നവരും തിരിച്ചറിയണം.

മുനമ്പം വെറുതേ ഊതിവീര്‍പ്പിച്ച ഒരു വികാരമല്ല. ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ വ്യഥയും, വിയര്‍പ്പും പുരണ്ട മണ്ണിന്റെ ഉയിരാണ്. ആ കാറ്റിന് കണ്ണീരിന്റെ നനവും, ആ മണ്ണിന് വിയര്‍പ്പിന്റെ ഉപ്പുമുണ്ട്. മുനമ്പം നിവാസികള്‍ക്ക് പാലക്കാടന്‍ ജനതയുടെ ഐക്യദാര്‍ഢ്യം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക