Main Article

നെഹ്‌റു കുടുംബത്തിന്റെ പാവം അടിമകള്‍

ടുംചുവപ്പ് പുറംചട്ടയില്‍ തയ്യാറാക്കിയ ഭരണഘടനയുടെ ചെറുപതിപ്പ് വിതരണം ചെയ്തുകൊണ്ടാണ് നാഗ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പരിപാടി രാഹുല്‍ സംഘടിപ്പിച്ചത്. എന്നാല്‍ പുസ്തകത്തിന് പുറംചട്ട മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റു പേജുകളെല്ലാം അച്ചടിക്കാത്തവയായിരുന്നുവെന്നും പുറത്തുവന്നത് കോണ്‍ഗ്രസിന് നാണക്കേടായി. ഭരണഘടനയെ ഏറ്റവുമധികം തവണ അപമാനിച്ച കോണ്‍ഗ്രസ്, ആളുകളെ പറ്റിക്കാനാണ് ഭരണഘടനയുമെടുത്ത് പ്രചാരണം നടത്തുന്നതെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് നാഗ്പൂരില്‍ കണ്ടത്. അച്ചടിക്കാത്ത ഭരണഘടന ഉയര്‍ത്തിക്കാട്ടി പ്രസംഗിക്കുന്നത് അര്‍ബന്‍ നക്സലുകളെ സന്തോഷിപ്പിക്കാന്‍ മാത്രമാണെന്നും ഭരണഘടനയോട് യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണെന്നും ബിജെപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു. ഭരണഘടന വ്യാജമായി തയ്യാറാക്കി പരിപാടി നടത്തിയ കോണ്‍ഗ്രസ് നടപടി ഫട്നാവിസാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തെത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുലിന്റെ തട്ടിപ്പിനെതിരെ രംഗത്തെത്തിയതോടെ മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലും അത് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി. ബാബാ സാഹേബ് അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ വെറുപ്പും അനിഷ്ടവും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പുറംചട്ട മാത്രം പ്രിന്റ് ചെയ്ത് ഭരണഘടന തയ്യാറാക്കിയത് കോണ്‍ഗ്രസിന്റെ തട്ടിപ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. ഭരണഘടന ഉപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന വിഡ്ഢിത്തം നിറഞ്ഞ രാഷ്‌ട്രീയ നാടകങ്ങളില്‍ രാജ്യം മുഴുവന്‍ നടുക്കത്തിലാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. തങ്ങള്‍ അത്തരത്തില്‍ ഭരണഘടനയുടെ പകര്‍പ്പ് തയ്യാറാക്കിയിട്ടില്ലെന്നും പ്രിന്റ് ചെയ്ത കോപ്പികള്‍ മാത്രമാണ് പരിപാടിയില്‍ വിതരണം ചെയ്തതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചെങ്കിലും വിമര്‍ശനം ശക്തമാവുകയാണ്.

മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം, പ്രിയങ്ക മത്സരിക്കുന്ന വയനാട്ടിലടക്കം അമ്പതോളം സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ രാഹുല്‍ സജീവമാണെങ്കിലും വിജയം നേടിയാല്‍ മാത്രം മുന്നിലേക്കെത്തുകയും പരാജയമാണെങ്കില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയോ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയോ ബലിയാടാക്കുകയും ചെയ്യുകയാണ് നെഹ്റു കുടുംബത്തിന്റെ പതിവ് രീതി. ഹരിയാന തെരഞ്ഞെടുപ്പിലും അതു കണ്ടതാണ്. ആദ്യമണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്നപ്പോള്‍ രാഹുലായിരുന്നു മുഖമെങ്കില്‍ ബിജെപി വിജയത്തിലേക്ക് മുന്നേറിയപ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയായി കോണ്‍ഗ്രസിന്റെ മുഖം. ദേശീയ അധ്യക്ഷനാണെങ്കിലും നെഹ്‌റു കുടുംബത്തിന്റെ അടിമയായി പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് ഖാര്‍ഗേയ്‌ക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ചെയ്യാനുള്ളത്.

വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന് അകത്തേക്ക് പ്രവേശിക്കാന്‍ പോലും അനുമതി കിട്ടിയില്ല എന്നതു തന്നെ ഉദാഹരണം. അഴിമതിക്കേസുകളിലെ പ്രതിയായ റോബര്‍ട്ട് വാദ്രയ്‌ക്കും മകനും വരെ അകത്ത് കസേര കിട്ടിയപ്പോള്‍ ഖാര്‍ഗെ വാതിലിനിടയിലൂടെ ഒളിഞ്ഞുനോക്കുന്നതും അകത്തേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ തടയപ്പെടുന്നതും നാം വീഡിയോ ദൃശ്യങ്ങളില്‍ കണ്ടതാണ്. കോണ്‍ഗ്രസിന് പരാജയം ഉറപ്പുള്ള ഇടങ്ങളില്‍ നെഹ്റു കുടുംബത്തിന് മുന്നില്‍ നിര്‍ത്താനുള്ള ദളിത് പിന്നാക്ക മുഖങ്ങളായി ഖാര്‍ഗെയും കൊടിക്കുന്നില്‍ സുരേഷുമൊക്കെ എക്കാലവും അവശേഷിക്കും. അല്ലാത്ത ഇടങ്ങളിലൊക്കെ നെഹ്റു കുടുംബാംഗങ്ങള്‍ക്ക് മാത്രമായിരിക്കും കുത്തകാധികാരം.

75 വര്‍ഷമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നതാണത്. എന്നാല്‍ താന്‍ കുത്തകവത്കരണത്തിന് എതിരാണെന്നവകാശപ്പെടുന്ന, രാഹുലിന്റെ ഇന്ത്യന്‍ എക്സ്പ്രസിലെ ലേഖനവും ഈ തെരഞ്ഞെടുപ്പ് കാലത്ത് വലിയ തമാശയായി. ബിസിനസിലെ കുത്തകവത്കരണത്തിനും വിപണിയിലെ ചെറുസംഘത്തിന്റെ നിയന്ത്രണത്തിനുമൊക്കെ എതിരെയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്നാണ് രാഹുലിന്റെ അവകാശവാദം. ദേശീയ രാഷ്‌ട്രീയത്തിന്റെ കുത്തകാധികാരം ഏഴര പതിറ്റാണ്ടായി കൈവശം വയ്‌ക്കുകയും തലമുറകളിലേക്ക് യാതൊരു നാണവുമില്ലാതെ കൈമാറുകയും ചെയ്ത നെഹ്റു കുടുംബത്തിന്റെ പിന്മുറക്കാരന്റെ വാചകക്കസര്‍ത്ത് എന്നല്ലാതെ മറ്റെന്തു പറയാന്‍. എന്നാല്‍ ലേഖനത്തില്‍ ഭാരതത്തിലെ മഹാരാജാക്കന്മാരും നവാബുമാരുമെല്ലാം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് വഴങ്ങിക്കൊടുത്ത നട്ടെല്ലില്ലാത്തവന്മാരാണെന്ന രാഹുലിന്റെ പരാമര്‍ശം വലിയ വിവാദമായി. രാജ്യത്തെ എല്ലാ രാജകുടുംബങ്ങളും രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തി. രാഹുലിനെ അവര്‍ തള്ളിപ്പറഞ്ഞു. രാജ്യത്ത് വിഭജനവും വെറുപ്പും പടര്‍ത്താന്‍ ശ്രമിക്കുന്ന രാഹുലിന്റെ വാക്കുകള്‍ക്ക് ആരും വില നല്‍കുന്നില്ലെന്ന് കേന്ദ്രമന്ത്രിയും ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീരിലെ രാജകുടുംബാംഗവുമായ വിക്രമാദിത്യ സിങ് അടക്കമുള്ളവരും രാഹുലിനെ തള്ളിപ്പറഞ്ഞു. മഹാരാജ ഹരിസിങ്ങിന്റെ കൊച്ചുമകനും കരണ്‍ സിങ്ങിന്റെ മകനുമാണ് വിക്രമാദിത്യസിങ്. ഹിമാചലില്‍ ആവട്ടെ മറ്റൊരു വിക്രമാദിത്യസിങ് രാഹുല്‍ഗാന്ധിയെ എതിര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. ബുഷര്‍ രാജകുടുംബാംഗവും ഹിമാചല്‍ മുന്‍മുഖ്യമന്ത്രിയുമായ വീരഭദ്രസിങിന്റെ മകനാണ് വിക്രമാദിത്യസിങ്. അദ്ദേഹവും അമ്മ പ്രതിഭാ സിങ്ങും അടക്കമുള്ളവര്‍, രാഹുലിന്റെ നോമിനിയായ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിനെതിരെ വലിയ നീക്കമാണ് നടത്തുന്നത്. പ്രതിഭാ സിങ് അധ്യക്ഷയായ ഹിമാചല്‍ പിസിസി പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം എഐസിസി നേതൃത്വം പിരിച്ചുവിട്ടിരുന്നു. സുഖ്‌വിന്ദറിനെ മുഖ്യമന്ത്രിയാക്കിയതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണാതീതമായതോടെയാണ് നടപടി. മുഖ്യമന്ത്രി സുഖു, സുഖിമാനാണെന്നും അഴിമതി രൂക്ഷമാണെന്നുമാണ് എതിര്‍ വിഭാഗത്തിന്റെ പരാതി. അതിനിടെയാണ്, മുഖ്യമന്ത്രിക്ക് കഴിക്കാന്‍ വാങ്ങിയ സമോസ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പ്രഖ്യാപിച്ച നാണംകെട്ട സംഭവം ഹിമാചല്‍പ്രദേശില്‍ ഉണ്ടായിരിക്കുന്നത്.

പോലീസ് സിഐഡി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് വാങ്ങിയ സമോസ കാണാതായതാണ് സംഭവം. മുഖ്യമന്ത്രിയും പോലീസും അന്വേഷണം പ്രഖ്യാപിച്ചതോടെ വാര്‍ത്ത പുറത്തായി. പ്രതിപക്ഷവും കോണ്‍ഗ്രസിലെ വിമത വിഭാഗവും സുഖുവിനെ കളിയാക്കി രംഗത്തെത്തി. സംസ്ഥാനം നിരവധി പ്രതിസന്ധിയില്‍ പെട്ടിരിക്കുമ്പോള്‍ സമോസയാണ് സുഖുവിന്റെ പ്രധാന പ്രശ്നമെന്നാണ് ബിജെപി പരിഹസിച്ചത്. അതിനിടെ ഒരെണ്ണത്തിന് 350 രൂപ നിരക്കിലാണ് സമോസ വാങ്ങിയതെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി അപഹാസ്യ നടപടികള്‍ ഒരുക്കി ദേശീയ രാഷ്‌ട്രീയത്തെ മലീമസമാക്കിത്തീര്‍ക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ എക്കാലത്തെയും ജോലി.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക