Kerala

എരുമേലി വാവരുപള്ളി അംഗീകരിക്കുന്നുണ്ടോയെന്ന് ഇസ്ലാം സമുദായ നേതൃത്വം വ്യക്തമാക്കണം: വിഎച്ച്പി

Published by

കൊച്ചി: എരുമേലിയിലെ വാവരുപള്ളി ഇസ്ലാമിക വിശ്വാസം അംഗീകരിക്കുന്നുണ്ടോയെന്ന് മുസ്ലിം സമുദായ നേതൃത്വം വ്യക്തമാക്കണമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വാവരുസ്വാമി ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമല്ലെന്നാണ് കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ചങ്ങനാശേരി മഹല്‍ കമ്മിറ്റി കണ്‍വീനര്‍ എം.എസ്. നൗഷാദ് പറഞ്ഞത്. വാവര് സ്വാമിയുടെ ജീവിതരീതിക്കോ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കബറിനോ ഇസ്ലാമിക വിശ്വാസവുമായി യാതൊരു വിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതേ നിലപാടു തന്നെയാണോ സമുദായത്തിനുള്ളതെന്ന് പണ്ഡിതന്മാരും, സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വവും വ്യക്തമാക്കണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു. അയ്യപ്പനും വാവരുമായി ഒരുബന്ധവുമില്ലെന്ന് പുരാതന രേഖകള്‍ വ്യക്തമാക്കുന്നുണ്ട് എങ്കിലും ശബരിമലയില്‍ പോകുന്ന അയ്യപ്പഭക്തന്മാര്‍ എരുമേലിയിലെ വാവര് പള്ളിയില്‍ കയറുകയും തേങ്ങയുടയ്‌ക്കുകയും ചെയ്യുന്ന പതിവുണ്ട്.

വാവര്‌സ്വാമിയെ ഇസ്ലാം അംഗീകരിക്കുന്നില്ലെങ്കില്‍ ഇസ്ലാം എന്ന പേരില്‍ ഹിന്ദുക്കള്‍ക്ക് വാവര്‌സ്വാമിയെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും, വിഎച്ച്പി നേതാക്കള്‍ ചോദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക