India

വീണ്ടും രാഷ്‌ട്രീയം പറഞ്ഞ് കോണ്‍ഗ്രസിന്റെ ശങ്കരാചാര്യര്‍; ‘കശ്മീരില്‍ 370ാം വകുപ്പ്പുനസ്ഥാപിക്കണം’; ഇല്ലെന്ന് പ്രധാനമന്ത്രി മോദി

Published by

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ അനുയായി ആയാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി എന്ന ശങ്കരാചാര്യസ്വാമികള്‍ അറിയപ്പെടുന്നത്. പ്രധാനമന്ത്രി മോദി അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ പോലും അയോധ്യ ക്ഷേത്രനിര്‍മ്മാണത്തെ വിമര്‍ശിച്ചിരുന്നു ആളാണ്. ഇപ്പോഴിതാ കശ്മീരില്‍ 370ാം വകുപ്പ് പുനസ്ഥാപിക്കണമെന്ന പ്രസ്താവനയുമായി ജ്യോതിഷപീഠ ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദ് സരസ്വതി രംഗത്തെത്തിയിരിക്കുകയാണ്. രാഷ്‌ട്രീയ പ്രസ്താവനകള്‍ ശങ്കരാചാര്യന്മാരിലൂടെ നടത്തിക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസും ചില ശങ്കരാചാര്യന്മാരും

ശങ്കരാചാര്യ മഠങ്ങളിലെ അധികാര തര്‍ക്കങ്ങളും സിവില്‍ കേസുകളും അടക്കം പലവിധ വിഷയങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ചില ശങ്കരാചാര്യന്മാരുടെ കോണ്‍ഗ്രസ് വിധേയത്വം. അവിമുക്തേശ്വരാനന്ദ് ജ്യോതിര്‍മഠ ശങ്കരാചാര്യ പദവിയിലേക്ക് എത്തുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നെഹ്രു കുടംബവുമായുള്ള മുന്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വരൂപാനന്ദയുടെ ബന്ധവും ശക്തമായിരുന്നു. പലവട്ടം കോടതി കയറിയിറങ്ങിയാണ് ശങ്കാരാചാര്യ പദവിയിലേക്ക് സ്വരൂപാനന്ദ കോണ്‍ഗ്രസ് സഹായത്തോടെ എത്തിയത്. 1990ല്‍ പത്താം നമ്പര്‍ ജന്‍പഥിലെ വസതിയിലേക്ക് രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും താമസത്തിനെത്തുമ്പോള്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തിയത് ദ്വാരകാ ശങ്കരാചാര്യരായിരുന്നുവെന്നോര്‍ക്കണം. അയോദ്ധ്യാ കേസില്‍ ഹിന്ദുക്കള്‍ക്കനുകൂലമായി വിധി വരികയാണെങ്കില്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ സോണിയാഗാന്ധിയും സംഘവും തീരുമാനിച്ചിരുന്നു. അയോദ്ധ്യാ പ്രക്ഷോഭത്തെ നയിച്ച വിഎച്ച്പിയെയും ബിജെപിയേയും അടക്കം അയോദ്ധ്യയില്‍ നിന്നൊഴിവാക്കാനുള്ള നീക്കമായിരുന്നു അത്. 2002ല്‍ ഈ ലക്ഷ്യത്തോടെ മധ്യപ്രദേശിലെ ദിഗൗരിയില്‍ ധര്‍മ്മ സംസദും നടത്തി. മൂന്നു ശങ്കരാചാര്യന്മാര്‍ പങ്കെടുത്ത ധര്‍മ്മ സംസദ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിന്റെ കൂടി ആശയമായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ സമവായമുണ്ടാക്കാന്‍ മുസ്ലിം കക്ഷികളെയും ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഭൂമി ഭാഗിച്ചെടുക്കുന്ന പ്രത്യേക ഫോര്‍മുലയും കോണ്‍ഗ്രസും ദ്വാരകാ ശങ്കരാചാര്യരും ചേര്‍ന്ന് തയ്യാറാക്കി. എന്നാല്‍ മുസ്ലിം കക്ഷികള്‍ ഇതു ബഹിഷ്‌ക്കരിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം പാളിയത്. ഹിന്ദുക്കള്‍ക്ക് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ അയോദ്ധ്യയില്‍ നിന്ന് ബിജെപിയേയും വിഎച്ച്പിയേയും പുറത്താക്കുകയാണ് ശങ്കരാചാര്യരുടെ സഹായത്തോടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രഖ്യാപിച്ചിരുന്നു. ദ്വാരകാ ശങ്കരാചാര്യര്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് 99-ാം വയസ്സില്‍ മരിക്കും വരെ കോണ്‍ഗ്രസിനു വേണ്ടി നിരന്തരം രാഷ്‌ട്രീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. കാലങ്ങളായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ മറ്റൊരുതരം അസ്വസ്ഥതയാണ് അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പുരോഗമിക്കവേ ചില ശങ്കരാചാര്യന്മാരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വ്യക്തം. പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് പുരി, ബദരി ശങ്കരാചാര്യന്മാരുടെ നിലപാട്. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളുടേയും ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രതിഷ്ഠ നടത്താറുണ്ട് എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നതിനുപിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണുള്ളത്.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഏടായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ എതിര്‍പ്പുകള്‍ തള്ളി രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നേരിട്ട് നിര്‍വഹിച്ച പ്രതിഷ്ഠാ ചടങ്ങുകളുടെ വിവരങ്ങള്‍, അയോദ്ധ്യയിലെ ചടങ്ങുകള്‍ ശങ്കരാചാര്യന്മാര്‍ വിവാദമാക്കാന്‍ ശ്രമിക്കുമ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പൂര്‍ണ്ണമായും പണി പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലാണ് അന്ന് വിഗ്രഹ പ്രതിഷ്ഠ നടത്തിയത് എന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് വീണ്ടും ചര്‍ച്ചയായത്. സോമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുമ്പോള്‍ ഗര്‍ഭഗൃഹവും മകുടവും ഒന്നും പൂര്‍ത്തിയായിരുന്നില്ല. ഭാരതത്തിന്റെ ദേശീയതയുടെ പുനരാവിഷ്‌ക്കാരം എന്ന വിശേഷണത്തോടെയാണ് നെഹ്രുവിന്റെ എതിര്‍പ്പ് തള്ളി സോമനാഥ ക്ഷേത്രപ്രതിഷ്ഠയ്‌ക്കായി ഡോ. രാജേന്ദ്രപ്രസാദ് എത്തിയത്. വൈദേശിക ആക്രമണകാരികള്‍ തകര്‍ത്തെറിഞ്ഞ ക്ഷേത്രം ഒരുമാത്രയെങ്കിലും നേരത്തെ പുനഃസ്ഥാപിക്കുക എന്നതുമാത്രമാണ് അന്നും ഇന്നും ഏക ലക്ഷ്യം.
ശങ്കരാചാര്യന്മാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഉണ്ടാക്കുന്ന പുതിയ വിവാദങ്ങളെപ്പറ്റി രാജ്യത്തെ സംന്യാസി സമൂഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ചിലര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സരയൂ മഹാ ആരതി പ്രസിഡന്റ് ശശികാന്ത് ദാസ് മഹാരാജ് പറയുന്നു. സോമനാഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹവും ശിഖരവും( ശ്രീകോവിലും മകുടവും) പോലും പൂര്‍ത്തിയായിരുന്നില്ലെന്നും അയോദ്ധ്യയില്‍ ഇവയെല്ലാം നിര്‍മ്മിച്ച ശേഷമാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും ശശികാന്ത് ദാസ് മഹാരാജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച് രാമവിഗ്രഹത്തില്‍ സ്പര്‍ശിക്കുന്ന ചടങ്ങ് കണ്ടുനില്‍ക്കാന്‍ ആവില്ലെന്ന വിവാദ പ്രസ്താവനയാണ് പുരി ഗോവര്‍ദ്ധനപീഠ ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി തുടര്‍ച്ചയായി നടത്തുന്നത്. ജ്യോതിര്‍മഠിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതിയും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു. പുരി, ജ്യോതിര്‍മഠ ശങ്കാരാചാര്യന്മാര്‍ വാരാണസിയില്‍ 2014ലും 2019ലും നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയവരാണ്.

കശ്മീരില്‍ 370ാം വകുപ്പ് പുനസ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് മോദി

കശ്മീരിന് പ്രത്യേക പദവി നല‍്കുന്ന 370ാം വകുപ്പ് പുനസ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മോദി ഇവിടെ ഉള്ളിടത്തോളം കോണ്‍ഗ്രസിന് 370ാം വകുപ്പിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും മോദി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക