തൃശൂര്‍: രണ്ട് ദിവസം മുന്‍പ് തനിക്ക് മറവിരോഗമാണെന്ന് ഫേസ്ബുക്ക് കുറിപ്പിട്ട സാഹിത്യഅക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ വീണ്ടും പുതിയ കുറിപ്പുമായി രംഗത്ത്. തനിക്ക് മറവി രോഗമില്ലെന്നാണ് ഇക്കുറി സച്ചിദാനന്‍ പറയുന്നത്.
രണ്ട് മിനിറ്റിന്റെ മറവി രോഗം ശാശ്വതമറവി രോഗം അല്ലെന്നും മാധ്യമങ്ങള്‍ക്കാണ് തന്നേക്കാള്‍ കൂടുതല്‍ മറവി രോഗമെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിപ്പിച്ചു. ഓടി നടന്നുള്ള പ്രസംഗം ഉണ്ടാക്കുന്ന സ്ട്രെസ് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ രോഗാവസ്ഥയില്‍ പോലും 78കാരനോട് അനുതാപം ഇല്ലാത്തവരെ ഞാന്‍ മനുഷ്യനായി കാണുന്നില്ല. – സച്ചിദാനന്ദന്‍ പറയുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറവി രോഗം വീണ്ടും തന്നെ പിടികൂടിയതായി സച്ചിദാനന്ദന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ക്രിസ്തുവും ബുദ്ധനും ഒക്കെ പ്രസംഗിച്ചിട്ടും നന്നാകാത്ത ലോകം പ്രസംഗത്തിലൂടെ നന്നാകില്ലെന്ന് കഴിഞ്ഞ 9 വര്‍ഷത്തെ ജീവിതം പഠിപ്പിച്ചുവെന്ന് സച്ചിദാനന്ദന്‍ കഴിഞ്ഞ ഫേസ്ബുക്ക് കുറിപ്പില്‍ നടത്തിയ പ്രസ്താവന അശുഭാപ്തി വിശ്വാസം സ്ഫുരിക്കുന്ന വാക്കുകളായിപ്പോയി എന്നും വിമര്‍ശനമുണ്ടായി.
ഇതോടെ സച്ചിദാനന്ദന്‍ പതിയെ സാഹിത്യഅക്കാദമിയില്‍ നിന്നും വിടവാങ്ങുകയാണെന്നും പകരം ഇപ്പോഴത്തെ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചെരിവില്‍ സ്ഥാനമേല്‍ക്കുമെന്നും വരെ അഭ്യൂഹങ്ങളുണ്ടായി. കാരണം സാഹിത്യഅക്കാദമി തീര്‍ത്തും സിപിഎം ലൈനില്‍ പോകണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുമ്പോള്‍ അമിതമായ പാര്‍ട്ടി ലൈന്‍ ഇഷ്ടപ്പെടാത്ത ആളാണ് സച്ചിദാനന്ദന്‍. അശോകന്‍ ചെരിവില്‍ ആകട്ടെ തീര്‍ത്തും സിപിഎം ലൈനില്‍ തന്നെ നീങ്ങുന്ന ആളാണ്. അതിനാല്‍ സിപിഎമ്മിന് അശോകന്‍ ചെരിവില്‍ തന്നെയാണ് അഭികാമ്യം എന്നും അഭിപ്രായമുണ്ടായി.
എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താന്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റായി തന്നെ തുടരുമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ശ്രീകുമാരന്‍ തമ്പിയുമായുള്ള ഗാനവിവാദം മുതല്‍ വിവാദങ്ങളേറെ…
സാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റ് പദവി ഏറ്റെടുത്ത ശേഷം സച്ചിദാനന്ദന്‍ കടന്നുപോയ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ പ്രശ്നം ശ്രീകുമാരന്‍ തമ്പിയുമായുള്ള ഗാനവിവാദമാണ്. കേരളഗാനം സൃഷ്ടിക്കാന്‍ വേണ്ടി ശ്രീകുമാരന്‍ തമ്പിയോട് സച്ചിദാനന്ദന്‍ തന്നെ നേരിട്ട് ഗാനമെഴുതാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം എഴുതി നല്‍കിയ വരികള്‍ ക്ലീഷേയാണെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതോടെ ശ്രീകുമാരന്‍തമ്പി തന്നെ സച്ചിദാനന്ദനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഭാര്യ വിജയലക്ഷ്മി ഈ സമയത്ത് ശ്രീകുമാരന്‍തമ്പിയെ കവിയുടെ കവിയെന്ന് വിശേഷിപ്പിച്ച് ലേഖനമെഴുതിയിരുന്നു. മുന്‍ മന്ത്രി ജി.സുധാകരനും സച്ചിദാനന്ദനെ വിമര്‍ശിച്ചിരുന്നു. ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് തന്നെ മങ്ങലേല്‍പിച്ച സംഭവമായിരുന്നു ഇത്.
പിണറായി സ്തുതിയുമായി മുന്നോട്ട് പോയിരുന്ന സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കറിന്റെ നീക്കങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. അബൂബക്കറിന്റെ ഈ നീക്കത്തില്‍ സച്ചിദാനന്ദനും പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടിരുന്നു. പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട എംബ്ലം അച്ചടിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. അക്കാദമി സെക്രട്ടറി അബൂബക്കറാണ് ഇതിന് മുന്‍കൈ എടുത്തത്. എന്നാല്‍ സച്ചിദാനന്ദന്‍ ഇതിനെ എതിര്‍ത്തിരുന്നു. സിപിഎമ്മില്‍ പിടിയുള്ള ആളായതിനാല്‍ അബൂബക്കറിന് പാര്‍ട്ടിക്കാരുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ തവണ സാഹിത്യ അക്കാദമി പുസ്തകപ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ചര്‍ച്ചയ്‌ക്കെത്തിയ തനിക്ക് ടാക്സി കൂലി പോലും കിട്ടിയില്ലെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനവും വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ദിവസങ്ങളോളം സാഹിത്യത്തെക്കുറിച്ച് പഠിച്ച് പ്രബന്ധം അവതരിപ്പിച്ച തനിക്ക് ടാക്സിക്കൂലി പോലും കിട്ടാതിരുന്നപ്പോള്‍ മറ്റു പല പരിപാടികളിലും പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വിമാനടിക്കറ്റ് വരെ നല്‍കിയെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിച്ചിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: