കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ നേതാവ് പി.ജയരാജന് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘കേരളം- മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന സാമാന്യം ബൃഹത്തായ പുസ്തകം വായിക്കാനിടയായി. മാതൃഭൂമി ഏജന്റിനോടാവശ്യപ്പെട്ടാല്‍ പുസ്തകം വീട്ടിലെത്തുമെന്ന് പത്രത്തില്‍ കണ്ട പരസ്യം പ്രയോജനപ്പെടുത്തിയാണ് അതു കരസ്ഥമാക്കിയത്. മുമ്പ് മഹാകവി അക്കിത്തത്തിന്റെയും ഡോ. രാധാകൃഷ്ണന് മാസ്റ്ററുടെയും പുസ്തകങ്ങളും തൊടുപുഴയിലെ മാതൃഭൂമി ആഫീസില്‍ പോയീ വാങ്ങിയിരുന്നു. അവിടത്തെ ചുമതലക്കാര്‍ ഏജന്റിനോടാവശ്യപ്പെട്ടാല്‍ പുസ്തകങ്ങള്‍ വീട്ടില്‍ കിട്ടുമെന്നു പറഞ്ഞിരുന്നതോര്മയിലുണ്ടായിരുന്നു താനും.
1957 ലെ തിരുവോണ ദിവസം പൂജനീയ ഗുരുജിയുടെ തലശ്ശേരി സന്ദര്‍ശനം ഉണ്ടായിരുന്നു. പില്ക്കാലത്ത് പ്രാന്തസംഘചാലകനായ കെ.വി. ഗോപാലനടിയോടിയുടെ തിരുവങ്ങാട്ടെ വസതിയിലായിരുന്നു, ശ്രീഗുരുജി തങ്ങിയത്. തലശ്ശേരി ടൗണ്‍ഹാളില്‍ സ്വയംസേവകര്‍ക്കും സംഘാനുഭാവികള്ക്കുമായുള്ള സമാഗമത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം മാത്രമേ കാര്യക്രമത്തില്‍ ഉണ്ടായിരുന്നുള്ളൂ.
അതിനും ഒരു ദശകത്തിനു മുമ്പ് മാധവ് ജി തലശ്ശേരിയില്‍ പ്രചാരകനായിരുന്നപ്പോള്‍ 1948 ജനുവരി 31 ന് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് എന്‍.ഇ. ബാലരാമ മാരാരുടെ നേതൃത്വത്തില്‍ മാധവ് ജി താമസിച്ചിരുന്ന വീട്ടില്‍ കമ്യൂണിസ്റ്റുകള്‍ കയ്യേറിയ സംഭവം മനസ്സിലുണ്ടായിരുന്ന പ്രചാരക് വി.പി. ജനാര്‍ദനനും, രാ. വേണുഗോപാലും തലശ്ശേരിയിലേയും ധര്‍മടത്തേയും മുതിര്‍ന്ന സ്വയംസേവകരുടെ ഒരു ഗണത്തെ ടൗണ്‍ഹാളില്‍ സജ്ജരാക്കി നിര്‍ത്തിയിരുന്നു. ശ്രീഗുരുജിയുടെ പ്രഭാഷണം അകത്താരംഭിച്ചപ്പോള് ഒരു സംഘം സഖാക്കള്‍ ഗേറ്റിനു പുറത്ത് ഗോ ബായ്ക്ക് വിളികളുമായി വന്നു. വേണുവേട്ടന് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് സ്ഥിതിയുടെ ഗൗരവം ബോധ്യപ്പെടുത്തി. ”നിങ്ങള്‍ വരുമോ, ഞങ്ങള്‍ തന്നെ കൈകാര്യം ചെയ്യണോ” എന്നന്വേഷിച്ചു. ”ഒന്നും ചെയ്യരുതേ ദാ ഞങ്ങളെത്തി” എന്നു പറഞ്ഞു ഒരു വാന്‍ നിറയെ പോലീസുകാര്‍ സ്ഥലത്തെത്തി പരിസരം ശുചീകരിച്ചു.
അന്നത്തെ ആ പരിപാടിയുടെ നേതാവ് രാജു മാസ്റ്റര്‍ എന്നയാളായിരുന്നുവത്രേ. പരിപാടി അവസാനിച്ചശേഷം അടിയോടി വക്കീലിന്റെ വസതിയില്‍ നടന്ന ബൈഠക്കില്‍ ഗുരുജി ഈ സംഭവത്തെ പരാമര്‍ശിക്കപോലും ചെയ്യാതെ സ്വയംസേവകര്‍ നിഷ്ഠയും സ്ഥൈര്യവും കൈവിടാതെ പ്രവര്‍ത്തിക്കണമെന്നു നിര്‍ദ്ദേശിച്ചു.
അതിനു മുമ്പ് 1948 ല്‍ തിരുവനന്തപുരത്തും 1952 ല്‍ ആലപ്പുഴയിലും ശ്രീഗുരുജിയുടെ സംഘപരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ വിഫലമായ ആക്രമണങ്ങള്‍ നടത്തിയപ്പോഴും, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ആ ആക്രമണങ്ങളെപ്പറ്റി പരാമര്‍ശിക്കുകപോലും ചെയ്യാതെയിരുന്നത് പല പ്രശസ്തരും എന്നോടു പറയുകയുണ്ടായി. സംഘപ്രവര്‍ത്തനം പരിതസ്ഥിതി നിരപേക്ഷമായിരിക്കണമെന്ന തത്വത്തില്‍നിന്ന് അണുപോലും വ്യതിചലിക്കാത്ത വ്യക്തിത്വമായിരുന്നു ശ്രീ ഗുരുജിയുടേത്.
സഖാവ് ജയരാജന്റെ പുസ്തകം വളരെ ഭംഗിയായ വിധത്തില്‍ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെയും രാഷ്ട്രീയ ഇസ്ലാമിനെയും വിലയിരുത്തുന്നുണ്ട്. ഈ രണ്ടു വസ്തുതകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ചിന്താക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും അത് സംഘപരിവാറിനു പ്രയോജനം ചെയ്യുമെന്നുമുള്ള ഭീതിയാണ് ജയരാജനുള്ളത്. അതു പച്ചയായി പ്രതിപാദിക്കുന്നില്ല എന്നേയുള്ളൂ. പുസ്തക പ്രകാശനം എന്തുകൊണ്ട് മാതൃഭൂമിയെ ഏല്‍പ്പിച്ചു, എന്തുകൊണ്ടവര്‍ അതു കയ്യേറ്റു എന്നതും ചിന്തനീയമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രചാരണവും സംഘവിരുദ്ധ വ്യാജപ്രചാരണങ്ങളും മാതൃഭൂമിയുടെ പ്രഖ്യാപിത നിലപാടുതന്നെയെന്നു തോന്നിപ്പോകുമല്ലൊ. രാഷ്ട്രീയ പഠിതാക്കള്‍ക്കു പുസ്തകം ഇഷ്ടപ്പെടുമെന്നു സംശയമില്ല.
വിദര്‍ഭയിലെ അമരാവതിയെന്ന സ്ഥലത്ത് മഹാരാഷ്ട്ര വൈദ്യുതി ബോര്‍ഡിന്റെ കാര്‍ഷിക വിഭാഗത്തിലെ എഞ്ചിനീയറായി എന്റെ ഒരനുജന്‍ രവിചന്ദ് പ്രവര്‍ത്തിച്ചിരുന്നു ജനസംഘത്തിന്റെ ഒരു ദേശീയ സമിതി യോഗം കഴിഞ്ഞു വരുംവഴി ഞാന്‍ നാഗ്പൂരിലിറങ്ങി. മഹല്‍ ഭാഗത്തുള്ള കേന്ദ്ര കാര്യാലയത്തിലെത്തി. അവിടെ ശ്രീഗുരുജിയെ സന്ദര്‍ശിച്ച്, പിന്നീട് ഒപ്പം ഭക്ഷണം കഴിച്ചശേഷം അമരാവതിയിലേക്കു പോയി. അതിനിടെ കാര്യാലയത്തില്‍ മാ: ബാബാസാഹിബ് ആപ്തേജിയുടെ മുറിയിലും പോയി. അദ്ദേഹം അപ്പോള്‍ ”ഗാന്ധി ആന്‍ഡ് ഹിസ് ഇസം” എന്ന ഇഎംഎസിന്റെ പുസ്തകം വായിച്ചിരിക്കുകയായിരുന്നു. ഞാനതു നേരത്തെ തന്നെ പരമേശ്വര്‍ജിയുടെ കൈയില്‍നിന്നു എടുത്തുവായിച്ചിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം തന്നെ ഇളക്കിയടുക്കുന്ന ആപ്തേജിയുടെ ബൗദ്ധിക്കുകളും സംഭാഷണങ്ങളും ശ്രദ്ധിച്ചിട്ടുള്ള എന്നെ വിസ്മയിപ്പിച്ചുകൊണ്ട് പുസ്തകം വളരെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗാന്ധിജിയെ എങ്ങനെ മനസ്സിലാക്കി വിലയിരുത്തണമെന്നതിന് പുസ്തകം വളരെ പ്രയോജനകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ദേശവ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതു വഴികാട്ടിയാവും; എന്നതുകൊണ്ടാണ്. അല്ലാതെ ആശയപരമായ യോജിപ്പുകൊണ്ടല്ല എന്നുകൂടി അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ആപ്തേജി അറിയിച്ച കാര്യം പരമപ്രധാനമായിരുന്നു. ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദന്, ചട്ടമ്പി സ്വാമികള്‍ മുതലായവരെ സ്വയംസേവകര്‍ എങ്ങനെ മനസ്സിലാക്കണമെന്നതിനെക്കുറിച്ച് കേരളത്തില്‍ സാഹിത്യം സൃഷ്ടിക്കാന്‍ പരമേശ്വരനോടു പറയണമെന്നദ്ദേഹം ആവശ്യപ്പെട്ടു. നാരായണഗുരുവിനെക്കുറിച്ചുള്ള മലയാള പുസ്തകത്തെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ അതിന് കേരളത്തിനു പുറത്ത് രാജ്യമാസകലം പ്രചാരം സിദ്ധിക്കണമെന്ന് ആപ്തേജി നിര്‍ദ്ദേശിച്ചു.
അക്കാര്യം നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പരമേശ്വര്‍ജിയെ അറിയിച്ചു. സംഘവൃത്തങ്ങളില്‍ ഈ വിഷയം പരന്നു. പാലക്കാട് വിക്ടോറിയ കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രൊഫ. അച്ചുതന്, ‘ശ്രീനാരായണ: പ്രോഫറ്റ് ഓഫ് റിനെയ്സെന്‍സ്’ എന്ന ശീര്‍ഷകത്തില്‍ പുസ്തകം ഇംഗ്ലീഷിലാക്കി. ഹരിയേട്ടന് ദേശീയതലത്തില്‍ ചുമതലകള്‍ ലഭിച്ചപ്പോള്‍ എല്ലാ ഭാരതീയ ഭാഷകളിലും ഗുരുദേവ ചരിതങ്ങള്‍ പുറത്തുവന്നു. ഉത്തരപ്രദേശത്ത് മായാവതി അധികാരത്തില്‍ വന്നപ്പോള്‍ ദേശീയ മഹാപുരുഷന്മാരിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ പ്രതിമകള്‍ സ്ഥാപിക്കുക എന്ന പ്രസ്ഥാനം തന്നെ നടത്തി.
മുസ്ലിം രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യത്തെ സ്പര്‍ശിക്കാതെ അതിനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെങ്ങനെ ഉപയോഗിക്കണമെന്നാണ് ജയരാജന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. വഖഫ് നിയമങ്ങള്‍ മറ്റു സമൂഹങ്ങളുടെ സമാധാനപരമായ ജീവിതത്തെയും സ്വത്തവകാശത്തെയും എങ്ങനെ ബാധിക്കുമെന്നതിന്റെ കോലാഹലങ്ങളാണല്ലോ മുനമ്പത്തുനിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്. മാലിക് കാഫര്‍ ദക്ഷിണ തിരുവിതാംകൂര്‍ ആക്രമിച്ച സമയത്ത് സ്ഥാപിച്ച പള്ളികളുടെ വഖഫ് പ്രശ്നം വരാം. മധുര മീനാക്ഷി ക്ഷേത്രം വഖഫ് ചെയ്തില്ല എന്നു പറയാന്‍ കഴിയുമോ? ചെന്നൈയിലെ ”ആയിരം വിളക്ക്” എന്ന സ്ഥലവും വഖഫ് ആയി എന്ന അവകാശവാദമുണ്ട്. കേരളതീരത്ത് പ്രവാചകന്റെ കാലത്തു തന്നെ 18 പള്ളികള്‍ സ്ഥാപിച്ചുവെന്നാണല്ലൊ ഐതിഹ്യം. കൊടുങ്ങല്ലൂരിനു സമീപമുള്ള ചേരമാന്‍ മസ്ജിദ് പ്രശ്ന സാധ്യതയുള്ള സ്ഥലമാണ്. തലശ്ശേരിക്കടുത്ത് ബ്രണ്ണന്‍ കോളജിരിക്കുന്ന ധര്മപട്ടണത്തിനും (ധര്‍മടം) പ്രശ്നസാധ്യതയുണ്ട്. ചേരമാന്‍ പെരുമാള്‍ മക്കത്തേക്കു കപ്പല്‍ കയറുന്നതിനു മുമ്പ് കേരളത്തെ മക്കള്‍ക്കും മരുമക്കള്‍ക്കുമായി പങ്കിട്ടുകൊടുത്തുവെന്നാണല്ലൊ ഐതിഹ്യം. വഖഫ് ചെയ്തതായിരുന്നു കൊടുത്തതെന്നു ആരെങ്കിലും അവകാശമുന്നയിച്ചാല്‍ സംഗതി തീര്‍ന്നു. കേരളം മുഴുവന്‍ മുനമ്പങ്ങളാവാനിടയാവരുതെന്ന് പ്രാര്‍ത്ഥിക്കാം. ഫലിക്കുമോ എന്ന് പടച്ചോനറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: