അമ്പലപ്പുഴ: തന്റെ ജീവിതം പരാജയപ്പെട്ടുവെന്ന് വിലപിച്ച് ജീവനൊടുക്കിയ നെല്‍ കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല. തകഴി പഞ്ചായത്ത് കുന്നുമ്മ കാട്ടില്‍പറമ്പില്‍ കെ. ജി. പ്രസാദിന്റെ മരണത്തിന് ഒരു വര്‍ഷം പിന്നിട്ടുമ്പോഴും കുടുംബം ദുരിതക്കയത്തിലാണ്. നെല്‍കൃഷിക്ക് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് പ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിവാദമായ ഈ ആത്മഹത്യക്കു ശേഷം കൃഷിമന്ത്രി, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസാദിന്റെ കുടുംബത്തിലെത്തി നല്‍കിയ ആശ്വാസവാക്കുകളല്ലാതെ മറ്റൊന്നും ഇവര്‍ക്ക് ഇതു വരെ ലഭിച്ചിട്ടില്ല.
നെല്ലുവില യഥാസമയം നല്‍കാതെ സര്‍ക്കാരിന്റെ പിആര്‍എസ് വായ്പ കെണിയില്‍പ്പെട്ടതിനാല്‍ പ്രസാദിന്റെ അടക്കം നിരവധി കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിച്ചു. ഇതോടെ തുടര്‍ കൃഷി ചെയ്യാന്‍ വായ്പ ലഭിക്കാതിരുന്നത് പ്രസാദിനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.നേരത്തെ 60,000 രൂപ സ്വയം തൊഴില്‍ വായ്പയായി പ്രസാദ് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് എടുത്തിരുന്നു. ഇതില്‍ 15,000 രൂപ തിരിച്ചടച്ചിരുന്നു. കുടിശിക തുക അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ അറിയിപ്പ് കൂടി ലഭിച്ചതോടെ പ്രസാദ് കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.
ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായിരുന്ന പ്രസാദിന്റെ മരണശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രസാദിന്റെ വായ്പാത്തുകയും മറ്റ് കടവും വീട്ടാന്‍ നാല് ലക്ഷത്തോളം രൂപ നല്‍കി. ഇതോടെ ഈ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയില്ലാതായെങ്കിലും സര്‍ക്കാര്‍ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഭാര്യ ഓമന പറയുന്നു.
നിത്യച്ചെലവിന് പോലും തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ഓമന പറയുന്നു. മകന്‍ അഥുനിക് തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 1.80 ഏക്കര്‍ കൃഷി ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ടെങ്കിലും കൃഷി നഷ്ടമായതിനാല്‍ ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാറില്ല. പ്രസാദിന്റെ മരണശേഷം കുടുംബത്തെ സഹായിക്കാന്‍ ഒരു ഉറപ്പും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കിസാന്‍ സംഘ് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: