കൊച്ചി: കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാതെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടരാനുള്ള പ്രതിയുടെ തീരുമാനം മാനസിക വൈകല്യം എന്ന തരത്തില്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2015ല്‍ മൂന്ന് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്‍കോട് സ്വദേശി എം.എ രാജു നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവന്, ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ വിധി.
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മകനെ അയല്‍ വീട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹര്ജിക്കാരന്. വിചാരണയ്ക്ക് ശേഷം കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 50,000, രൂപ പിഴയും വിധിച്ചു.
ഹര്ജിക്കാരന് പ്രത്യേക സാഹചര്യം കാരണം തന്റെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ മുന്‍കൂട്ടിക്കാണാനോ അവ തെറ്റോ നിയമവിരുദ്ധമോ ആണെന്ന് തിരിച്ചറിയുന്ന അവസ്ഥയിലായിരുന്നില്ല എന്നതാണ് അപ്പീലിലെ വാദം. പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കാതെ സംഭവസ്ഥലത്ത് തന്നെ തുടര്‍ന്നത് അസുഖമുള്ള മനസിനെ സൂചിപ്പിക്കുന്ന യുക്തിസഹമായ ചിന്തയുടെ അഭാവമാണ് പ്രകടമാക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു.
എന്നാല്‍, ഈ വാദം നിരസിച്ച ബെഞ്ച്, കുറ്റം ചെയ്തതിന് ശേഷം എല്ലാ പ്രതികളും ഒളിവില്‍ പോകണമെന്ന് കരുതാനാവില്ലെന്ന് പറഞ്ഞൂ. വ്യക്തികള്‍ക്കിടയില്‍ പെരുമാറ്റ രീതികള്‍ വ്യത്യാസപ്പെടാം, കുറ്റകൃത്യം നടന്ന സ്ഥലത്ത് തുടരുന്നത് മാനസിക വൈകല്യത്തെ സൂചിപ്പിക്കുന്നില്ല. കുറ്റം ചെയ്ത സമയത്ത് മനസ്സിന്റെ അസ്വാസ്ഥ്യം പ്രകടമാക്കുന്ന കാര്യമായ തെളിവുകളില്ലാതെ, മാനസിക രോഗിയെന്ന തരത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കാന്‍ അവകാശവാദം പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണക്കോടതിയുടെ ശിക്ഷ ബെഞ്ച് ശരിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: