കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് നവ്യ ഹരിദാസിനെ വിജയിപ്പിച്ചാല്‍ അവര്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടില്‍ നിന്ന് വിജയിപ്പിക്കേണ്ടത് സുരേഷ് ഗോപി പറഞ്ഞു. ബത്തേരി, കമ്പളക്കാട് എന്നിവിടങ്ങളില്‍ നടന്ന എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിലെ തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പം അവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്. അത്തരത്തിലുള്ള അനിവാര്യത വയനാട്ടിലുണ്ട്. വയനാട്ടിലെ ജനങ്ങള്‍ അനുഗ്രഹിച്ചാല്‍, തൃശൂര്‍ എടുത്തത് പോലെ വയനാടും എന്‍ഡിഎ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ നുണ പ്രചരിപ്പിക്കപ്പെട്ടു. നിയമാനുസൃതമായി ഭാരതത്തില്‍ താമസിച്ച മുഹമ്മദീയരായ ഒരാളെയെങ്കിലും നാടുകടത്തിയതായി കാണിച്ച് തരാന്‍ താന്‍ വെല്ലുവിളിക്കുകയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനായി ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തുമെന്നും, ബില്ലുകള്‍ പാസാക്കുമെന്നും, വഖഫ് ഭേദഗതി ബില്ലിനെ പരാമര്‍ശിച്ച് സുരേഷ് ഗോപി പറഞ്ഞു. വഖഫ് നിയമത്തിന്റെ മുനയൊടിക്കാന്‍ പ്രാപ്തരായവരാണ് പാര്‍ലമെന്റില്‍ ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ അങ്കലാപ്പാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുടെ പ്രതികരണത്തിന് കാരണം. വയനാട്ടുകാരെ വഞ്ചിച്ചിട്ട് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ ചെന്നിട്ട് വഖഫ് നിയമത്തിന് കുടപിടിക്കുകയാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജെപി പടിഞ്ഞാറതറ മണ്ഡലം പ്രസിഡന്റ് സജി കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.ബി. ഗോപാലകൃഷ്ണന്‍, ജെ. പ്രമീളാദേവി, പ്രശാന്ത് മലവയല്‍, അഡ്വ.വി.കെ. സജീവന്‍, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, പള്ളിയറ രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: