ദക്ഷിണഭാരതത്തിലെ പ്രമുഖ ഭരത ക്ഷേത്രമായ ഇരിങ്ങാലക്കുട ശ്രീ കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ മുക്കുടി നിവേദ്യം വളരെ പ്രശസ്തമാണ്. വളരെ ഔഷധ ഗുണമുള്ള ഇതു സേവിച്ചാല്‍ ഉദര രോഗമടക്കമുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനം ഉണ്ടാകും. മുക്കുടി നിവേദ്യത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. തുലാമാസ തിരുവോണ നാളിലാണ് ക്ഷേത്രത്തിലെ പുത്തരി സദ്യ. അതിന്റെ പിറ്റേ ദിവസമാണ് മുക്കുടി നിവേദ്യം. പുത്തരി സദ്യ കഴിച്ച ദേവന് വയറിളക്കം വന്നുവെന്നും അത് ഭേദമാക്കാന്‍ കുട്ടഞ്ചേരി മൂസ്സ് ചില ഔഷധ കൂട്ടുകള്‍ അരച്ച് തിളപ്പിച്ച് ദേവനു നല്‍കിയപ്പോള്‍ രോഗം ഭേദമായെന്നുമണ് സങ്കല്‍പ്പം. ഇതിന്റെ അനുസ്മരണമാണ് കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മുക്കുടി നിവേദ്യം. കുട്ടഞ്ചേരി മൂസ്സിന്റെ കുടുബം തൃശ്ശൂര്‍ വടക്കാഞ്ചേരി കുമരനെല്ലൂര്‍ എന്ന സ്ഥലത്താണ്.
കുട്ടന്‍ഞ്ചേരി മൂസ്സ് കുടുബത്തിന് കൂടല്‍മാണിക്യ സ്വാമിക്ക് മുക്കുടി ഉണ്ടാക്കുന്നതിന് അവകാശം കിട്ടിയതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. പണ്ടുകാലത്ത് കുട്ടഞ്ചേരി മൂസ്സ് കുടുബത്തില്‍പ്പെട്ട ഒരു കാരണവര്‍ ചികില്‍സ നടത്തുന്നതിനായി വടക്കുള്ള അവരുടെ വീട്ടില്‍ നിന്ന് നടന്ന് തൃശ്ശൂരിലെത്തി. തെക്കുഭാഗത്തേക്കാണ് അദ്ദേഹത്തിനു പോകേണ്ടിയിരുന്നത്. രാത്രിയില്‍ നല്ല നിലാവുള്ളതിനാല്‍ മൂസ്സ് നടന്ന് ഇരിങ്ങാലക്കുടക്ക് സമീപം വടക്കു ഭാഗത്തുള്ള പാടത്തെത്തി. അപ്പോള്‍ ഒരാള്‍ പാടത്ത് വെളിക്കിരിക്കുന്നത് കണ്ടു. മൂസ്സ് ആ ആളെ നോക്കാതെ നടന്നു. അപ്പോള്‍ ഇരുന്ന ആള്‍ മൂസ്സിനെ വിളിച്ചു. കുട്ടഞ്ചേരി മൂസ്സാണെന്നും ചികില്‍സക്ക് തെക്ക് ഭാഗത്തേക്ക് പോകുകയാണെന്നും വിളിച്ച ആളോടു മൂസ്സ് പറഞ്ഞു.
പുത്തിരി സദ്യ കഴിച്ചതിനാല്‍ തനിക്ക് വയറിന് സുഖമില്ലെന്നും ഇടക്കിടെ വയറിളക്കം ഉണ്ടാകുന്നുവെന്നും അതിനുള്ള മരുന്ന് തയ്യാറാക്കി ബ്രാഹ്മണരെ കൊണ്ട് അരപ്പിച്ച് തിളപ്പിച്ച് കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ ശ്രീ കോവിലിനു മുന്നില്‍ വയ്‌ക്കണമെന്നും വെളിക്കിരുന്ന ആള്‍ നിര്‍ദ്ദേശിച്ചു. ഈ വാക്കുകള്‍ കേട്ടപ്പോള്‍ മൂസ്സിന് അദ്ദേഹം ഏതൊ ദിവ്യനാണെന്നു ബോധ്യമായി. കൂടുതല്‍ ആലോചിച്ചപ്പോള്‍ അതു കൂടല്‍ മാണിക്യ സ്വാമി അല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹത്തിനു ബോധ്യമായി. അന്ന് രാത്രികൂടല്‍ മാണിക്യ ക്ഷേത്രത്തിലെ മേല്‍ശാന്തിക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും ഉറക്കത്തില്‍ സമാനമായ സ്വപ്‌ന ദര്‍ശനം ഉണ്ടായി. കുട്ടഞ്ചേരി മൂസ്സ് മുക്കുടിക്കുള്ള കൂട്ട് തയ്യാറാക്കി ശ്രീകോവിലിനു മുന്നില്‍ വയ്‌ക്കും. ബ്രാഹ്മണരെ കൊണ്ട് അരപ്പിച്ച് തിളപ്പിച്ച് അത് ഭഗവാന് നിവേദിക്കണമെന്നായിരുന്നു ഇവരുടെയെല്ലാം സ്വപ്‌നദര്‍ശനം.
അന്ന് രാവിലെ തന്നെ ദേവസ്വം അധികൃതരും മേല്‍ശാന്തിയും ജ്യോത്സ്യനെ വിളിച്ച് ദേവപ്രശ്‌നം വയ്‌പ്പിച്ചു. പ്രശ്‌നത്തില്‍ കണ്ടതും സ്വപ്‌ന ദര്‍ശനവും ഒന്നായിരുന്നു. അതു പ്രകാരം കുട്ടഞ്ചേരി മൂസ്സ് മുക്കുടിക്കുള്ള മരുന്നു തയ്യാറാക്കി ശ്രീകോവിലിനു മുന്നില്‍ വച്ചു. ബ്രാഹ്മണര്‍ അരച്ച് തിളപ്പിച്ച് ദേവനു നിവേദിച്ച ശേഷം ഭക്തര്‍ക്കും നല്‍കി. പണ്ടുകാലത്ത് കുട്ടഞ്ചേരി മൂസ്സിന് ദേവസ്വത്തില്‍ നിന്നും പ്രതിഫലമായി കൊടുത്തിരുന്നത് നൂറ്റി ഒന്ന് പറ നെല്ലും നാണയവുമായിരുന്നു. ഇക്കാലത്ത് അതിനു തുല്യമായ പ്രതിഫലം നല്‍കുന്നു.
കുട്ടഞ്ചേരി മൂസ്സ് കുടുബത്തിലെ മുപ്പതുകാരനായ അനൂപ് മൂസ്സാണ് ഇപ്പോള്‍ മുക്കുടിക്കുള്ള മരുന്നുകൂട്ട് ക്ഷേത്രത്തില്‍ എത്തിക്കുന്നത്. തലമുറകള്‍ എത്ര മാറിയാലും മുക്കുടിക്കുള്ള മരുന്നുകൂട്ട് മുടക്കമില്ലാതെ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ എത്തും.
ഇക്കൊല്ലത്തെ മുക്കുടി നിവേദ്യം ഇന്ന് ആണ്. എട്ടാംതീയതി ചാലക്കുടിയിലുള്ള കൂടല്‍ മാണിക്യ ക്ഷേത്ര ദേവസ്വം കച്ചേരിയില്‍ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പുത്തിരി സദ്യക്കുള്ള പച്ചകറികളും മറ്റു സാധനങ്ങളും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്നലെ ആയിരുന്നു തൃപ്പുത്തരി സദ്യ. ഇന്നു രാവിലെ ദേവന് നിവേദ്യ പൂജ നടത്തുമ്പോള്‍ തന്നെ മുക്കുടിയും നിവേദിക്കും. മുക്കുടിക്കായി ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്താറുണ്ട്. ഉദരരോഗത്തിന് കൂടല്‍മാണിക്യത്തിലെ വഴുതനങ്ങ നിവേദ്യവും പ്രധാനമാണ്.
ഇപ്പോള്‍ മറ്റു ക്ഷേത്രങ്ങളിലും മുക്കുടി നടക്കുന്നുണ്ട്. കോണത്തുകുന്ന് ആനയ്‌ക്കല്‍ ശ്രീധന്വന്തരി ക്ഷേത്രത്തില്‍ എല്ലാ മലയാള മാസവും ആദ്യ ഞായറാഴ്ച ഭക്തര്‍ക്ക് മുക്കുടി നല്‍കുന്നുണ്ട്. കുട്ടഞ്ചേരിയിലെ ഇളമുറയില്‍പ്പെട്ട മൂസ്സുമാരുടെ വൈദ്യശാസ്ത്ര ഗുരു മുതിര്‍ന്ന തലമുറയിലെ പ്രധാന വൈദ്യനാണ്. പാരമ്പര്യ പഠനം പൂര്‍ത്തീകരിച്ചാല്‍ ഒരു മാസം നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തില്‍ ഇവര്‍ ഭജനമിരിക്കും. അതിനു ശേഷമേ ഇളമുറക്കാര്‍ രോഗികളെ ചികില്‍സിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: