കൊച്ചി: സ്കൂള്‍ കായികമേളയിലെ അത്ലറ്റിക്സില് ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രം. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ വിജയ് കൃഷ്ണനാണ് 13.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. ട്രാക്കിനെ തീപിടിപ്പിച്ച പോരാട്ടത്തില്‍ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായ വിജയ് കൃഷ്ണനാണ് ഓടിയും ചാടിയും റിക്കാര്‍ഡ് സ്വന്തമാക്കിയത്.
2018ല്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ സൂര്യജിത്. പി.കെ സ്ഥാപിച്ച 14.08 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് വിജയ്കൃഷ്ണന്‍ ഇന്നലെ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം കുന്ദംകുളത്തെ സ്കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് തീര്‍ക്കുവാന്‍ ഈ മിടുക്കന് സാധിച്ചു.
റിക്കാര്‍ഡോടെ വിജയ് സ്വര്‍ണം നേടിയതില്‍ ഏറെ അഭിമാനത്തിലാണ് പരിശീലകനായ അജിത് കുമാര്‍. ആറുമാസം മുമ്പാണ് വിജയ്യുടെ പരിശീലകനായി അജിത് കുമാര്‍ എത്തിയത്. കുറഞ്ഞ സമയം കൊണ്ട് പരിശീലിപ്പിച്ച് തന്നെ സ്വര്‍ണത്തിലേക്ക് എത്തിച്ച പ്രിയപ്പെട്ട സാറിനെ കെട്ടിപ്പിടിച്ചാണ് വിജയ് സന്തോഷം പങ്കിട്ടത്. തന്റെ പഴയ ശിഷ്യനായ പാലക്കാടിന്റെ സൂര്യജിത്ത് സ്ഥാപിച്ച റിക്കാഡാണ് പുതിയ ശിഷ്യനായ വിജയ് കൃഷ്ണ മറികടന്നതെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നതായി അജിത് കുമാര്‍ പറഞ്ഞു.
മുന്‍ സൈനികനായ തൃശ്ശൂര്‍ പുല്ലൂര്‍ താമരശ്ശേരി വീട്ടില്‍ ടി. സുരേഷിന്റെയും ജിഷ സുരേഷിന്റെയും മകനാണ് വിജയ് കൃഷ്ണ. ജൂണോ സുരേഷാണ് സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: