തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് പുതുമോടിയും കൂടുതല്‍ സൗകര്യങ്ങളുമുണ്ടായപ്പോള്‍ ജില്ലയിലെ സംഘ കുടുംബങ്ങള്‍ക്കത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശത്തിന് ഒത്തുചേര്‍ന്ന കുടുംബങ്ങള്‍ ജില്ലയിലെ സംഘപ്രവര്‍ത്തനത്തിന് കരുത്തും അനുഗ്രഹവും ചൊരിഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ ഫോര്‍ട്ട് സ്കൂളിനു സമീപത്തെ സമന്വയഭവന്റെ ഗൃഹപ്രവേശം ഇന്നലെ രാവിലെ 8.30നും 9നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന് നിലവിളക്ക് കൊളുത്തി ഗൃഹപ്രവേശ കര്‍മ്മം നിര്‍വഹിച്ചു. ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്, വിഭാഗ് സംഘചാലക് പി. ഗിരീഷ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, ദക്ഷിണകേരള സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, കൗണ്‍സിലര്‍ ആര്. രാജേന്ദ്രന് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗൃഹപ്രവേശത്തോടനുബന്ധിച്ച് ശ്രീപത്മനാഭ സേവാസമിതിയാണ് വൈകിട്ട് കുടുംബസംഗമം സംഘടിപ്പിച്ചത്. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്ശനന് കുടുംബാംഗങ്ങള്‍ക്ക് സന്ദേശം നല്കി. സംഘശാഖയില്‍ നിന്ന് ഉയര്‍ന്നു വരുന്ന വ്യക്തിത്വങ്ങള്‍ നാളെ ഈ ഭാരതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നത് കാണാന്‍ കഴിയുമെന്ന് ഡോക്ടര്‍ജി പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. സംഘപ്രവര്‍ത്തനത്തിന് നൂറ് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന വേളയില്‍ സംഘത്തിന്റെ സ്ഥാനം ലോകത്തിലെ ഏറ്റവും ശക്തമായ വലിയ സംഘടന എന്നതാണെന്ന് ബിബിസി നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരുന്നു. നൂറ് വര്‍ഷം തികയ്ക്കാനോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ അല്ല നമ്മള് ശ്രമിക്കേണ്ടത്. പകരം നമ്മുടെ ലക്ഷ്യം എത്രയും വേഗം പൂര്‍ത്തിയാക്കി അതില്‍ നിന്ന് ആഹഌദത്തിന്റെ മിന്നല്‍പ്പിണരുകള്‍ നമുക്ക് അനുഭവിക്കാന്‍ കഴിയണമെന്നാണ് ഡോക്ടര്‍ജി സ്വയംസേവകരോട് പറഞ്ഞിരുന്നത്. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സ്വയംസേവകരില്‍ പഞ്ച പരിവര്‍ത്തനത്തിനാണ് സംഘം ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ സംഗമത്തില്‍ അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനുപോര് പഹ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: