തിരുവനന്തപുരം: ചക്രക്കസേരയിലിരുന്ന് ആത്മധൈര്യം മാത്രം കൈമുതലാക്കി ഭിന്നശേഷിക്കാര്‍ക്കായി പൊരുതുന്ന പെണ്‍പോരാളി സിന്ധു സുദേവനെ കാണാന്‍, പഠിക്കാന്‍ അയലത്തെ മന്ത്രിയെത്തി.
പാലിയം ഇന്ത്യയുടെ പാലിയേറ്റീവ് കെയര്‍ മാതൃകയെക്കുറിച്ച് പഠിക്കാന്‍ മുതിര്‍ന്ന പ്രതിനിധി സംഘവുമായി ഹിമാചല്‍ പ്രദേശ് ആരോഗ്യമന്ത്രി ഡോ. (കേണല്‍) ധനി റാം ഷാന്‍ഡിലാണ് കേരള സന്ദര്‍ശനത്തിനിടെ സിന്ധുവിന്റെ വീട്ടിലെത്തിയത്. പാലിയേറ്റീവ് കെയറും അതിന്റെ സാധ്യതകളും കണ്ടറിയുകയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനലക്ഷ്യം. ദീര്‍ഘനാളായി ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വനിത എന്ന നിലയ്ക്കാണ് സിന്ധുവിനെ നേരില്‍ കാണാന്‍ മന്ത്രി എത്തിയത്.
ഇരുപത്തിനാലാം വയസില്‍ ചക്രക്കസേരയിലായതാണ് തിരുവനന്തപുരം മുരുക്കുംപുഴ ശാസ്തവട്ടം തോട്ടറക്കരി സിന്ധൂരത്തില്‍ സിന്ധു സുദേവന്റെ (48) ജീവിതം. വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം. തെരുവുനായ കടിക്കാന്‍ ഓടിച്ചപ്പോള്‍ വീടിനു സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം സിന്ധുവിന്റെ ഇരുകാലുകളുടേയും ചലനമെടുത്തു. വിധിയെ പഴിച്ച് വീടിനുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ ഒരുക്കമല്ലായിരുന്നു സിന്ധു. തന്നെപ്പോലെ വീല്‍ചെയറില്‍ ജീവിതം കുടുങ്ങിപ്പോവരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ചു. ഇന്ന് നൂറിലധികം ഭിന്നശേഷിക്കാര്‍ അംഗങ്ങളായുള്ള ആള് കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന് ജില്ലാ പ്രസിഡന്റാണ് സിന്ധു.
ദീര്‍ഘനാളായി ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വനിത എന്ന നിലയ്ക്കാണ് മന്ത്രി സിന്ധുവിനെ കാണാനെത്തിയതും ചര്‍ച്ച നടത്തിയതും. ഭിന്നശേഷിക്കാര്‍ തുന്നിയുണ്ടാക്കിയ കുടയും കരകൗശല ഉത്പന്നങ്ങളും സിന്ധു മന്ത്രിക്ക് സമ്മാനിച്ചു. പരിമിതികള്‍ മറന്ന് അംഗപരിമിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന പോരാളിയെയാണ് താന്‍ സിന്ധുവില്‍ കണ്ടതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: