Kerala

തഹസില്‍ദാര്‍ ജോലി ഏറെ ഉത്തരവാദിത്വമുള്ളത്, ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയില്ല; പദവയില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന് മഞ്ജുഷ

Published by

കോന്നി: തഹസില്‍ദാര്‍ പദവയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്.

നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അവധിയിലാണ്. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്. മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പുതിയ പദവിയിലായിരിക്കും മഞ്ജുഷയുണ്ടാവുക.

ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. കേസിലെ പ്രതി പി പി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നവീൻബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. പി.പി ദിവ്യയ്‌ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.

യാത്രയയപ്പ് ചടങ്ങിലെ പി.പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ആയിരിക്കും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കുക. ഒപ്പം കണ്ണൂർ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by