സ്വതന്ത്ര ഭാരതത്തില്‍, ഭാരതീയ വിദ്യാഭ്യാസത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ദീനനാഥ് ബത്ര. 1930 മാര്‍ച്ച് അഞ്ചിന് അവിഭക്ത ഭാരതത്തില്‍ ദേരാ ഘാസി ഖാന് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. വിഭജനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥിയായി, അനാഥനായി ദില്ലിയിലെത്തിയ ദീനനാഥ്, ഭാവുറാവ് ദേവറസ്ജിയുടെ സംരക്ഷണത്തില്‍ എംഎ, ബിഎഡ് പഠനം പൂര്‍ത്തിയാക്കി. 1955 മുതല്‍ 65 വരെ പഞ്ചാബിലെ ഡി.എ.വി വിദ്യാലയത്തിന് അദ്ധ്യാപകനായും തുടര്‍ന്ന് 1965 മുതല്‍ 90 വരെ കുരുക്ഷേത്രയിലെ ഗീതാ വിദ്യാലയത്തില്‍ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. വിദ്യാഭാരതി എന്ന ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനത്തെ ഭാരതത്തിലുടനീളം വ്യാപിപ്പിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചു.
രണ്ടായിരത്തിലെ പുതിയ ദേശീയ പാഠ്യപദ്ധതി നിര്‍മാണത്തില്‍ മുഖ്യപങ്കു വഹിച്ച വ്യക്തി. 2004 ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതിയെ തകിടം മറിച്ചുകൊണ്ട്, കാലഹരണപ്പെട്ട പാഠപുസ്തകങ്ങളും ദേശീയ പുരുഷന്മാരെ അവഹേളിക്കുന്ന പാഠഭാഗങ്ങളുമായി രംഗപ്രവേശം ചെയ്തപ്പോള്‍ അതിനെതിരെ ഭാരതത്തിലെ വിദ്യാഭ്യാസരംഗത്തെ പ്രമുഖരെ അണിനിരത്തി ശിക്ഷ ബച്ചാവോ ആന്ദോളന് തുടക്കം കുറിച്ചു. സ്വതന്ത്ര ഭാരതത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സാധാരണക്കാരുടെ പോലും ചിന്തയെ തൊട്ടുണര്‍ത്തിയ പ്രവര്‍ത്തനമായിരുന്നു അത്. കമ്മ്യൂണിസ്റ്റുകാര്‍ കുംത്തകയാക്കിയ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലേക്ക് ദേശീയ വിചാരധാര കടന്നാക്രമണം നടത്തി. ശിക്ഷ ബച്ചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പോലും ഊര്‍ജ്ജ സ്രോതസ്.
ഭാരത ചരിത്രത്തെ അന്താരാഷ്ട്ര തലത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തയ്യാറാക്കിയ വെന്‍ഡി ഡോണിഗറുടെ ഭാരത വിരുദ്ധ പുസ്തകത്തെ നിയമപരമായി നേരിട്ട് പ്രസിദ്ധീകരണം പിന്‍വലിപ്പിക്കാനും ലൈംഗിക വിദ്യാഭ്യാസം പോലെയുള്ള ഭയാനകമായ വിപത്തില്‍ നിന്ന് ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ സംരക്ഷിക്കുന്നതിനും ബത്രയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ഭാരതീയ വിദ്യാഭ്യാസ ബദലിനെക്കുറിച്ചുള്ള വ്യാപക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.
വാര്‍ദ്ധക്യത്തിന്റെ ഉത്താര്ദ്ധത്തിലും അദ്ദേഹം കോടതി വരാന്തകളില്‍ നാടിന്റെ കാവലാളായി നിന്നു. 90-ാം വയസിലും തെരുവില്‍ പ്രതിക്ഷേധിക്കാനിറങ്ങി. ഭാരതത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറുകളില്‍ ഹിന്ദിയില്‍ പ്രസംഗിച്ച് പുതിയ യുഗത്തിന് തുടക്കം കുറിച്ചു. 2007-ല്‍ ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
2020ല്‍ നിലവില്‍ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തസത്തയിലും ബത്രയുടെ ചിന്തകള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. നിരവധി പ്രവര്‍ത്തകരുടെ ജീവിതത്തെ മാറ്റിമറിച്ചു. അദ്ധ്യാപകനിലെ ആചാര്യത്വത്തെ ഉണര്‍ത്തി, വിദ്യാര്‍ത്ഥികളുടെ ഉള്ളിലെ സര്‍ഗാത്മകതയെ വളര്‍ത്തി, വിദ്യാലയങ്ങളെ നാടിന്റെ പരിവര്‍ത്തനത്തിന്റെ ആശാകേന്ദ്രങ്ങളാക്കി. ഭാരതീയവിദ്യാഭ്യാസത്തിന്റെ അത്യുജ്ജ്വല മാതൃകകളായി അവ വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഹരിയാന വിദ്യാഭ്യാസ ബോര്‍ഡ് അംഗം, ദില്ലി വിദ്യാഭ്യാസ ബോര്‍ഡ് അംഗം, ദില്ലിയിലെ വിദ്യാഭ്യാസ ചട്ടം നിര്‍മാണ സമിതി അംഗം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമിതി അംഗം എന്നീ വിവിധ സര്‍ക്കാര്‍ സമിതികളില്‍ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. ഹരിയാന അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി, വിദ്യാഭാരതിയുടെ അഖില ഭാരതീയ ജനറല്‍ സെക്രട്ടറി, ഉപാധ്യക്ഷന്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സംഘടനകളുടെ നെടുനായകത്വം വഹിച്ചു. പഞ്ചനത് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍, എന്‍സിഇആര്‍ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഭാരതീയ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലഖ്നൗവിന്റെ നിര്‍വാഹക സമിതി അംഗം എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചു.
1978 ല്‍ രാഷ്ട്രപതിയുടെ അദ്ധ്യാപക പുരസ്കാരം ലഭിച്ചു. ഭാരത് സ്കൗട്ടിന്റെ മെഡല്‍ ഓഫ് മെറിറ്റ്, ഹരിയാനയിലെ വിശിഷ്ട അദ്ധ്യാപക മെഡല്‍, ഭാരത് വികാസ് പരിഷത്തിന്റെ കീര്‍ത്തി പത്രം, സ്വാമി കൃഷ്ണാനന്ദ് സരസ്വതി സമ്മാന്‍, ബിക്കാനിര്‍ കീര്‍ത്തി പത്രം, 2012ലെ സാഹിത്യശ്രീ സമ്മാന്‍, സ്വാമി ശ്രീ അഖണ്ഡാനന്ദ സരസ്വതി വിശിഷ്ട വ്യക്തിത്വ അലങ്കാര്‍ സമ്മാന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങളും കീര്ത്തിപത്രങ്ങളും അദ്ദേഹത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ശിക്ഷാ മേം ത്രിവേണി, ശിക്ഷാ പരീക്ഷ മൂല്യങ്കന്, പ്രേരണ ദ്വീപ്, വിദ്യാലയം ഗതിവിധികളുടെ ആലയം, ഭാരതീയ വിദ്യാഭ്യാസത്തിന്റെ സ്വരൂപം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഭാരതത്തിന്റെ ദേശീയതയ്ക്ക് എന്നും എതിരുനില്‍ക്കുന്ന മാര്‍ക്സ്-മെക്കാളെ മതമൗലികവാദികളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ദീനനാഥ് ബത്രയായിരുന്നു. അദ്ദേഹം കൊളുത്തിവച്ച വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെ ദീപശിഖ ഇന്ന് ആയിരങ്ങളുടെ കൈകളില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: