കൊച്ചി: കായിക മേളയിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ സൂപ്പര്‍ പോരാട്ടമാണ് അരങ്ങേറിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ അന്‍സ്വാഫ് കെ. അഷറഫും ആലപ്പുഴയുടെ ആര്‍. ശ്രേയയും വേഗപ്പറവകളായി. അന്‍സ്വാഫ് സീനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചതെങ്കില്‍ ശ്രേയ പൊന്നണിഞ്ഞത് ജൂനിയര്‍ വിഭാഗത്തിലാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ സമയത്തിനേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ലൈന്‍ കടന്നാണ് ശ്രേയ സ്‌കൂള്‍ അത്ലറ്റിക്സ് മീറ്റിലെ വേഗറാണിയായി മാറിയതത്.
12.54 സെക്കന്‍ഡിലാണ് ശ്രേയ ഫിനിഷ് ലൈനിലേക്ക് പറന്നെത്തിയത്. ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സായി തിരുവനന്തപുരത്തിലെ അനന്യ സുരേഷ് 12.58 സെക്കന്‍ഡില്‍ വെള്ളിയും തൃശൂര്‍ ആളൂര്‍ ആര്‍എം എച്ച്എസ്എസിലെ അന്ന മരിയ. സി.എസ്. 12.87 സെക്കന്‍ഡില്‍ വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ അന്‍സ്വാഫ് കെ. അഷറഫ് 10.81 സെക്കന്റില്‍ പറന്നെത്തിയാണ് വേഗത്തിന്റെ രാജകുമാരനായത്. കഴിഞ്ഞ വര്‍ഷം കുന്നംകുളത്തും ജൂനിയര്‍ വിഭാഗത്തില്‍ അന്‍സ്വാഫായിരുന്നു ഫാസ്റ്റസ്റ്റ്. കോതമംഗലം നെല്ലിക്കുഴി കാവുങ്ങല്‍ വീട്ടില്‍ റിട്ട. സിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ.പി. അഷ്‌റഫ് അത്താണിക്കല്‍ യുപിഎസ് റിട്ട. അദ്ധ്യാപിക സുബൈദ ദമ്പതികളുടെ മകനാണ്. ആസിഫ് സഹോദരനാണ്. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ മുഹമ്മദ് ഷാമില്‍. സി.വി. 11.042 സെക്കന്‍ഡില്‍ വെള്ളിയും കാസര്‍കോട് പട്ല ജിഎച്ച്എസ്എസിലെ അബ്ദുള്ള ഷൊനീസ് 11.048 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിലെ രഹ്ന രഘു. ഇ.പി 12.62 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജി 12.72 സെ്ക്കന്‍ഡില്‍ വെള്ളിയും പത്തനംതിട്ട അടൂര്‍ സെന്റ് മേരീസ് എംഎംജിഎച്ച്എസ്എസിലെ അമാനിക. എച്ച് 12.77 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടാണ് സ്വര്‍ണം നേടിയത്. ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ. നിവേദ് കൃഷ്ണയാണ് പൊന്നണിഞ്ഞത്. 10.98 സെക്കന്റിലായിരുന്നു നിവേദ്കൃഷ്ണ ഫിനിഷ് ലൈന്‍ കടന്നത്. മൂന്ന് ദശാബ്ദം പഴക്കമുള്ള ഈ ഇനത്തിലെ സംസ്ഥാന റെക്കോഡ് സെക്കന്റുകളുടെ വ്യത്യാസത്തിലാണ് നിവേദിന് നഷ്ടമായത്. തൃശൂരിലെ ജിയോ ഐസക് സെബാസ്റ്റിയനാണ് വെള്ളി. സമയം 11.19 സെക്കന്റ്. ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ എച്ച്എസ്എസിലെ അതുല്‍. ടി.എം. 11.23 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി.
സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ സ്വര്‍ണം പോയത് കാസര്‍കോട്ടേക്ക്. 12.40 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന് നിയാസ് അഹമ്മദാണ് അവര്‍ക്ക് സ്വര്‍ണം സമ്മാനിച്ചത്. പെണ്‍കുട്ടികളില്‍ ഇടുക്കിയുടെ ദേവപ്രിയ സ്വന്തമാക്കി. സിഎച്ച്എസ് കാല്‍വരി മൗണ്ടിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവപ്രിയ. 13.17 സെക്കന്റില്‍ ഓടിയെത്തിയാണ് ഈ മിടുക്കി സ്വര്‍ണം കരസ്ഥമാക്കിയത്്. പാലക്കാടിനാണ് ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും. കൊപ്പം ജിവിഎച്ച്എസ്എസിലെ നികിത. പി (13.36 സെക്കന്റ്) വെള്ളിയും ഭാരത് എച്ച്എസ്എസിലെ അനയ. ജി (13.53) വെങ്കലവും നേടി. മഴ ചാറി നിന്നത് നൂറ് മീറ്ററിന്റെ ശോഭ കെടുത്തിയെങ്കിലും ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: