Kerala

മക്കൾക്ക് ഏറെ മാറ്റമുണ്ട് : ആദ്യ ഘട്ട ചികിത്സ പൂർത്തിയാക്കി ഈശ്വർ മാല്പെയും , മക്കളും മടങ്ങി

Published by

മലപ്പുറം ; നിറഞ്ഞ കണ്ണുകളോടെ, അതിലേറെ സന്തോഷം തുളുമ്പുന്ന മനസോടെയാണ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും കുടുംബവും കേരളത്തിൽ നിന്ന് മടങ്ങുന്നത് . മക്കളുടെ ചികിത്സയ്‌ക്ക് വേണ്ടിയാണ് അദ്ദേഹം മലപ്പുറത്ത് എത്തിയത്.

ജനിതക രോഗം ബാധിച്ച 2 മക്കളുടെയും ചികിത്സ പുലാമന്തോൾ മൂസ്സ് ആയുർവേദാശുപത്രി പൂർണമായും സൗജന്യമായാണ് നിർവഹിക്കുന്നത് . ഒട്ടേറെ സ്ഥലങ്ങളിലെ ചികിത്സയ്‌ക്ക് ശേഷം പ്രതീക്ഷയറ്റ സമയത്താണ് പുലാമന്തോളിലെ അഷ്‌ടവൈദ്യ കുടുംബം സൗജന്യ ചികിത്സയുമായി ആശ്വാസ ഹസ്‌തം നീട്ടിയത്.ചികിത്സയുടെ ആദ്യഘട്ടമാണ് ഇന്നലെ പൂർത്തിയായത്. മൂത്ത മകൻ ഇതേ അസുഖം ബാധിച്ച് 2 വർഷം മുൻപ് 23–ാം വയസ്സിൽ മരിച്ചിരുന്നു.

നേരത്തെ ഏഴു വയസ്സുകാരി ബ്രാമിയ്‌ക്ക് വേദനകളോ, കണ്ണീരോ, രുചികളോ ഒന്നും അറിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഇന്ന് ബ്രാമിയ്‌ക്ക് കഷായത്തിന്റെ കയ്പും, പ്രകൃതിയുടെ ഭംഗിയും ഒക്കെ അറിയാം. കിടക്കുക മാത്രം ചെയ്‌തിരുന്ന 23 വയസ്സുള്ള കാർത്തിക് ഇപ്പോൾ വീൽചെയറിൽ ഇരിക്കും. പേരു വിളിച്ചാൽ അവിടേക്ക് ശ്രദ്ധിക്കും.

ഡോ.ആര്യൻ മൂസിന്റെ നേതൃത്വത്തിൽ ഡോ.ശ്രീരാമൻ, ഡോ.രോഷ്‌നി, ഡോ.ജയശങ്കരൻ എന്നിവരടങ്ങിയ ഡോക്‌ടർമാരുടെ സംഘമാണ് ചികിത്സയ്‌ക്ക് നേതൃത്വം നൽകിയത്. ആറു മാസത്തേക്കുള്ള മരുന്നുമായാണ് കുട്ടികൾ മടങ്ങുന്നത്. ഇനി ആഴ്‌ചയിൽ ഒരിക്കൽ ഓൺലൈൻ കൺസൽട്ടേഷൻ ഉണ്ടാകും. ആറു മാസത്തിന് ശേഷം വീണ്ടും രണ്ടാം ഘട്ട ചികിത്സയ്‌ക്കായി എത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക