ദുബായ് : ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് നവംബർ 10ന് സംഘടിപ്പിക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് ഡി പി വേൾഡാണ് സംഘടിപ്പിക്കുന്നത്.
ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്ക് ഒരുക്കുന്നത്. ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകൾ ഉണ്ടായിരിക്കുന്നതാണ്. 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും ദുബായ് റൈഡിൽ പങ്കെടുക്കുന്ന സൈക്കിളോട്ടക്കാർക്കായി ഒരുക്കുന്നതാണ്.
ദുബായ് റൈഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.dubairide.com/en/register/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അതേ സമയം രജിസ്‌ട്രേഷൻ നവംബർ 9ന് അവസാനിക്കും. ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26-ന് ആരംഭിച്ചിരുന്നു.
2023 നവംബർ 12-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച നാലാമത് ദുബായ് റൈഡിൽ മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തിരുന്നു. ഇത്തവണ ഇതിൽ കൂടുതൽ പേർ ദുബായ് റൈഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: