News

പിപി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചത് സ്ത്രീയെന്ന പരിഗണന നല്‍കി, പ്രതിക്കെതിരെയുളള പൊതുവികാരം ജാമ്യം തടയുന്നതിന് കാരണമല്ലെന്ന് കോടതി

കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ജാമ്യാപേക്ഷയില്‍ വിഷയം പരിഗണിക്കേണ്ടതില്ലെന്നും അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടതെന്നും കോടതി

Published by

കണ്ണൂര്‍ : പിപി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചത് സ്ത്രീയെന്ന പരിഗണന നല്‍കിയെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പില്‍ പറയുന്നു. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്‍കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി ജാമ്യ ഉത്തരവില്‍ പറയുന്നു.

ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി ഉത്തരവിലുണ്ട്. പ്രതിക്കെതിരെയുളള പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ല. പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ല.

കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ജാമ്യാപേക്ഷയില്‍ വിഷയം പരിഗണിക്കേണ്ടതില്ലെന്നും അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടതെന്നും കോടതി പറയുന്നു. സാഹചര്യങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിട്ടുളളത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നത്.

കേസില്‍ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദമുയര്‍ത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by