തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നിന്നും ആക്രി സാധനങ്ങള്‍ വ്യാജപാസ്സില്‍ കടത്തിക്കൊണ്ടുപോയിയെന്ന് വിജിലന്‍സില്‍ പരാതി. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനാ നേതാവും പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ പി. ഹണി, പൊതുഭരണ വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ ബിനു എന്നിവര്‍ക്കെതിരെയാണ് പരാതി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ് രാജീവാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ആക്രി വില്‍ക്കുന്ന വകയില്‍ സര്‍ക്കാരിന് ലഭിക്കേണ്ടണ്ട25 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
2021 മുതല്‍ 2024 ജൂലൈ മാസം വരെ സെക്രട്ടേറിയറ്റില്‍ നിന്നും മൂല്യമുള്ള പാഴ്‌വസ്തുക്കള്‍ സ്‌റ്റോര്‍ പര്‍ച്ചേസ് മാന്യുവല്‍ വിജ്ഞാപനം ലംഘിച്ച് അനധികൃതമായി കള്ള പാസില്‍ പുറത്തു കൊണ്ടുപോയി വില്‍ക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനിന്നെന്നും ഇതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ രണ്ടുപേര്‍ക്കും പങ്കുണ്ടെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ബിനു, മുത്തുമേല്‍ എന്ന ആക്രി വ്യാപാരിയുടെ ആധാര്‍ കാര്‍ഡ് വശത്താക്കിയാണ് വ്യാജ പാസ് ഉണ്ടാക്കി എല്ലാ ചട്ടങ്ങളും മറികടന്ന് ആക്രി സാധനങ്ങള്‍ പുറത്ത് വിറ്റതെന്ന് പരാതിയില്‍ പറയുന്നു. ഹണിയും ബിനുവും ചേര്‍ന്ന് നടത്തിയ അനധികൃത ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു.
ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ നിന്ന് 10 ലോഡ് പാഴ്‌വസ്തുക്കള്‍ വ്യാജ പാസ് ഉപയോഗിച്ച് സെക്രട്ടേറിയേറ്റിനു പുറത്തു കൊണ്ടുപോകാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി അനുമതി നല്‍കിയിട്ടുണ്ട്. ഈ ഇടപാടിലൂടെ മാത്രം 10 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട്. 2022 മുതല്‍ ഓരോ മാസവും മിനിമം രണ്ടു ലോഡ് പാഴ്‌വസ്തുക്കള്‍ കടത്തി സര്‍ക്കാര്‍ ധനം കൈവശപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
നടപടിക്രമങ്ങള്‍ പാലിക്കാതെ സെക്രട്ടേറിയറ്റില്‍ നടത്തുന്ന ആക്രിക്കടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടിയൊന്നും ആരും എടുത്തില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി നല്‍കുന്നത്. സര്‍ക്കാരിനുണ്ടായ യഥാര്‍ത്ഥനഷ്ടം എത്രയെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂവെന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അഡ്വ. ആര്‍.എസ്. രാജീവ് പരാതിയില്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറെ പൊതുനിരത്തില്‍ ഭീഷണിപ്പെടുത്തി പ്രകോപന മുദ്രാവാക്യം വിളിച്ചതിനെതിരെയും ഹണിക്കെതിരെ പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി വേണ്ടണ്ടഎന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്.
നടപടിക്രമങ്ങള്‍ പാലിച്ചില്ല
സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ നേരിട്ടും 15,000 രൂപ മുതല്‍ ഒരു ലക്ഷം വരെ എസ്റ്റിമേറ്റ് ക്വട്ടേഷന്‍ വഴിയും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ എസ്റ്റിമേറ്റ് ഉള്ളവര്‍ക്ക് ടെണ്ടര്‍ മുഖേനയും അഞ്ചു ലക്ഷത്തിനു മുകളില്‍ എസ്റ്റിമേറ്റ് തുകയുള്ള പാഴ്‌വസ്തുക്കള്‍ ഇ ടെണ്ടര്‍ ചെയ്തുമാണ് വില്പന നടത്തേണ്ടത്. എന്നാല്‍ സെക്രട്ടേറിയേറ്റിലെ പൊതുഭരണവകുപ്പ് (ഹൗസ് കീപ്പിംഗ്) ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ച് അല്ല പാഴ്‌വസ്തുക്കളുടെ വില്‍പ്പന നടത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ എങ്ങനെ നിര്‍മാര്‍ജനം ചെയ്യണമെന്നതിനെ സംബന്ധിച്ച് കേരള ഫിനാന്‍ഷ്യല്‍ കോഡില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ഒന്നുംതന്നെ ഈ വിഷയത്തില്‍ പാലിച്ചിട്ടല്ല.
വ്യാജരേഖ ചമച്ചു; ആക്രി വിറ്റ പണം സ്വന്തം അക്കൗണ്ടില്‍
പൊതുഭരണവകുപ്പിലെ ഹൗസ് കീപ്പിംഗ് സെക്ഷനില്‍ താല്‍ക്കാലിക ജീവനക്കാരനായ ബിനു ചില്ലറക്കാരനല്ല. ആക്രി കടത്തിന് വ്യാജരേഖയുണ്ടാക്കുക, ആക്രി വിറ്റ പണം സര്‍ക്കാരിന് നല്‍കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുക. അതിന് സഹായിച്ചതോ ഇടതുനേതാവായ പൊതുഭരണ വകുപ്പ് സെക്രട്ടറിയും. കരമനയില്‍ ആക്രി കച്ചവടം നടത്തുന്ന മുത്തുവേല്‍ എന്നയാളുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് അയാളുടെ പേരില്‍ വ്യാജരേഖ ചമച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ലോഡുക്കണക്കിന് ആക്രി കടത്തി വില്‍ക്കുകയും പൊതുഖജനാവില്‍ അടയ്‌ക്കേണ്ടണ്ട തുക സ്വന്തം അക്കൗണ്ടില്‍ വാങ്ങുകയും ചെയ്തതായി തെളിഞ്ഞിരുന്നു. ടെണ്ടര്‍ വിളിക്കാതെ ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ വ്യക്തി തന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് ബിനുവിന്റെ കള്ളി വെളിച്ചത്തായത്. പൊതുഭരണ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ക്രമക്കേടല്ല ഇത്. ആക്രി സാധനങ്ങള്‍ വിറ്റ തുക ട്രഷറിയില്‍ അടച്ചില്ലെന്നതും ഇതുമായി ബന്ധപ്പെട്ട് ഒരന്വേഷണവും ഉണ്ടാട്ടില്ലെന്നതും ഉന്നതര്‍ അഴിമതിക്കു പിന്നിലുണ്ടെന്നതിന് തെളിവാണ്. ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഉന്നത അധികാരികള്‍ പുലര്‍ത്തുന്ന മൗനവും നിസംഗതയും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക