രാമചന്ദ്രന് മുല്ലശ്ശേരി
പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ അതുകണ്ടെത്തി നികത്തുന്നതിനായി 1971 ല്‍ സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏര്‍പ്പെടുത്തിയ സംവിധാനമാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എന്നത്. എന്നാല്‍ രണ്ട് തവണ വിജ്ഞാപനം നടത്തിയിട്ടും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകരായി വരുന്നില്ലെങ്കില്‍ ആ തസ്തിക മറ്റുള്ളവര്‍ക്ക് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്ത കണ്ടു. അത് സത്യമാണെങ്കില്‍ പ്രതിഷേധിക്കണം. പട്ടികവിഭാഗക്കാര്‍ക്കുണ്ടാകുന്ന സംവരണ നഷ്ടം പരിഹരിക്കാന്‍ സമാന തസ്തികകളില്‍ അവരെ നിയമിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതായാണ് വാര്‍ത്ത.
ഉദാഹരണത്തിന്, പട്ടിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ചില പ്രത്യേക വിഷയങ്ങളിലെ കോളജ് അദ്ധ്യാപക നിയമനങ്ങള്‍ക്കായുള്ള പി.എസ്.സി വിജ്ഞാപനം വരുമ്പോള്‍ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വിജ്ഞാപനം ആവര്‍ത്തിച്ച് ഇറക്കാറുണ്ട്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനമനുസരിച്ച് രണ്ട് തവണയില്‍ കൂടുതല്‍ വിജ്ഞാപനം ചെയ്യേണ്ടതില്ല.
യോഗ്യതയുള്ള അപേക്ഷകരില്ലാത്ത അവസ്ഥയില്‍ യോഗ്യതയില്‍ ഇളവ് വരുത്തി വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കുന്ന പതിവ് അവസാനിപ്പിക്കുകയാണിതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. സംവരണ വ്യവസ്ഥകള്‍ അട്ടിമറി നടത്താനുള്ള ഗൂഢലക്ഷ്യം ഇതിന് പിന്നിലുള്ളതായി സംശയിക്കണം. കോളജ് അദ്ധ്യാപക നിയമനത്തില്‍ കേരള പി.എസ്.സി.യും യു.ജി.സി.യും സംയുക്തമായി ആലോചിച്ച് പട്ടികവിഭാഗ പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചുകൂടാ ?
ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 16(4) പ്രകാരം പട്ടികവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാനത്തിനുള്ള അധികാരം വിനിയോഗിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നിയമ ഭേദഗതി കാലതാമസത്തിനിടയാക്കുമെന്ന ദുര്‍ബല ന്യായീകരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. പട്ടികവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകള്‍ മറ്റുള്ളവര്‍ക്ക് നല്കുമ്പോള് ആ തസ്തികയില്‍ ഇന്നലെവരെയുണ്ടായിരുന്ന പ്രാതിനിധ്യാവകാശം കൂടി നിഷേധിക്കുകയാണ് സര്‍ക്കാര്‍. ഇത് ഭരണഘടാ വിരുദ്ധമാണ്.
പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റില്‍ ആസൂത്രിതമായ സംവരണ നിഷേധമാണ് നടന്നുവരുന്നത്. മെറിറ്റില്‍ മെയിന്‍ ലിസ്റ്റില്‍ ഇടം നേടുന്ന പട്ടികവിഭാഗങ്ങള്‍ക്ക് റിസര്‍വേഷനിലൂടെ മാത്രമേ നിയമനം നല്കുന്നുള്ളു. പട്ടിക വിഭാഗങ്ങളുടെ കഴിവും യോഗ്യതയും പരിഗണിക്കാതെ ജാതിയുടെ പ്രിവിലേജ് മാത്രം പരിഗണിക്കുന്ന പി.എസ്.സിയ്ക്ക് കഴിഞ്ഞ മാസം സുപ്രീം കോടതി വിധിയിലൂടെ നല്ലപ്രഹരം ലഭിച്ചിരിക്കുകയാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന പട്ടികവിഭാഗ ഉദ്യോഗാര്‍ത്ഥികളുടെ മെറിറ്റ്, സംവരണവുമായി കുട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ജസ്റ്റ്സ് ബി.ആര്. ഗവായിയുടെ ബെഞ്ച് ഉത്തരവിട്ടത്.
ആയിരത്താണ്ടുകളിലൂടെ അടിച്ചേല്പിക്കപ്പെട്ട അടിമത്തവും പാരതന്ത്ര്യവും മൂലം സമൂഹ മണ്ഡലത്തിന്റെ പിന്നാമ്പുറത്തേക്ക് തളളിവിടപ്പെട്ടവരുടെ ഇന്നത്തെ തലമുറയാണ് പൊതു സമൂഹവുമായി മത്സരിക്കുന്നത്. മുന്‍തലമുറകള്‍ അനുഭവിച്ച ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ഫലമായി ജൈവീകവും ജനിതകവും മനശാസ്ത്രപരവും മസ്തിഷ്കപരവുമായി സംഭവിച്ച സാമൂഹിക അന്തരവും വൃണങ്ങളും വടുക്കളും പരിഹരിക്കപ്പെടാന്‍ ഇനിയുമേറെ കാലം വേണം. അതിനുള്ള പരിരക്ഷകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്ക് അക്കാദമിക് രംഗത്ത് ഉയര്‍ന്ന യോഗ്യത നേടാനായി ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുകയും ഇളവുകള്‍ പ്രഖ്യാപിക്കുകയും വേണം. പ്രത്യേക സാമ്പത്തികസഹായവും അനുവദിക്കണം.
സിവില്‍സര്‍വ്വീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്നതുപോലെ പട്ടിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഉയര്‍ന്ന തസ്തികകളിലേക്കുള്ള വിജ്ഞാപനം വരും മുമ്പ് തന്നെ പ്രീ-എക്സാമിനേഷന് ട്രെയിനിങ്് നല്‍കുന്നതിനുള്ള സൗകര്യം ലഭ്യമാക്കണം .
പട്ടിക വിഭാഗ ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് കടുത്ത പരീക്ഷണങ്ങളുടെ കാലഘട്ടമാണിത്. സംവരണത്തിന്റെയോ സാമൂഹ്യ നീതിയുടെയോ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പിന്‍വാതില്‍ നിയമനങ്ങളും താത്കാലിക നിയമനങ്ങളും നിര്‍ബാധം തുടരുന്നു. പബ്ലിക് സര്‍വ്വീസ് കമ്മിഷനെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഹതഭാഗ്യരായി പട്ടികവിഭാഗങ്ങളും. അപ്പോഴാണ് ഉള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന തീരുമാനങ്ങളും നയങ്ങളുമായി ഭരണകൂടങ്ങളും ഭരണഘടനാ അവകാശമായ സംവരണത്തിന്റെ അടിസ്ഥാനശിലയിളക്കുന്ന വിധികളുമായി നീതിപീഠങ്ങളും രംഗത്തെത്തുന്നത്. കേരള സര്‍ക്കാര്‍ വരുമാന പരിധിയില്ലാതെ എല്ലാ പട്ടികജാതിക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോഴും അത് പണദൗര്‍ലഭ്യം കാരണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പും ഇതില്‍പ്പെടും. തന്മൂലം പഠന ഗവേഷണങ്ങള്‍ ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബ്ബന്ധിതരുമാകുന്നു.
സാമുദായിക സംവരണം ഈ നിലയില്‍ തുടരേണ്ടതുണ്ടോ എന്ന് വാക്കാല്‍ നിരീക്ഷിക്കുന്ന ന്യായാധിപന്മാര് സുപ്രീം കോടതിയിലുണ്ട്. പട്ടികജാതിക്കാരെ ക്രീമിലെയറില്‍പ്പെടുത്തി വിഭജിക്കാനുള്ള ഉത്തരവുകളും വന്നു കഴിഞ്ഞു. ക്രീമിലെയര്‍ നിര്‍ദ്ദേശം തത്കാലം നടപ്പാക്കില്ലെന്ന് കേന്ദ്ര മന്ത്രിസഭ തീരുമാനം വന്നിട്ടുണ്ടെന്നത് താത്കാലിക ആശ്വാസമാണ്. ചുരുക്കത്തില്‍ സംവരണം എന്ന ഭരണഘടനാ പരിരക്ഷ ഘട്ടംഘട്ടമായി ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അടിസ്ഥാന ജനതയെ ആധിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ തിരുത്താനെടുത്ത സര്‍ക്കാര്‍ തീരുമാനം. നീതീകരണത്തിന്റെയും ന്യായീകരണത്തിന്റെയും കണികപോലുമില്ലാത്ത ഈ തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തണം.
(സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: