പാലക്കാട്: കോണ്‍ഗ്രസിന്റെ കള്ളപ്പണ ഇടപാട് വിവാദത്തില്‍ മലക്കംമറിഞ്ഞ് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള തന്ത്രം പൊളിഞ്ഞതോടെയാണ് ഇടത് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കള്ളപ്പണ ഇടപാട് ഉയര്‍ത്തിക്കൊണ്ടുവന്ന സിപിഎം ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ ഇപ്പോള്‍ മാറ്റിപ്പറയുകയാണ.് കോണ്‍ഗ്രസിന്റെ കുഴല്‍പ്പണ ഇടപാടിനെതിരെ ഇടതു സ്ഥാനാര്‍ത്ഥി പി. സരിന് നടത്തിയ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു രംഗത്തെത്തി. റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന പി. സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു.
കള്ളപ്പണമെത്തിയെന്നും തെളിവുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം ആവര്‍ത്തിക്കുന്നതിനിടെയാണ്, പരിശോധന ഷാഫി പറമ്പിലിന്റെ നാടകമാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം വേണമെന്നുമുള്ള സരിന്റെ വാദം. റെയ്ഡ് ഷാഫി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം. പരിശോധനക്കടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണമെന്നും സരിന് ആവശ്യപ്പെട്ടു.
സരിന് പറഞ്ഞതല്ല പാര്‍ട്ടി നിലപാടെന്ന വിശദീകരണമാണ് സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയത്. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും അറിയുന്നതുകൊണ്ടാണ് സരിന് ഷാഫിയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. പോലീസ് റെയ്ഡിന് വരുന്ന വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും, കെഎസ്യു നേതാവ് ഫെനിയും ചേര്‍ന്ന് നീല ട്രോളിയുമായി തിരിച്ചുപോകുന്നത് ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. റെയ്ഡ് വിവരം പോലീസ് തന്നെ ചോര്‍ത്തിനല്‍കിയെന്നാണ് ആരോപണം. മാത്രമല്ല ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല.
ഇതിനിടെ രാഹുലിനെ പ്രതിക്കൂട്ടിലാക്കി ഇന്നലെ അടുത്ത സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെഎസ്യു നേതാവായ ഫെനി നൈനാന് നീല ട്രോളി ബാഗുമായി പോകുന്നത് ദൃശ്യങ്ങളിലുണ്ട്. നീല ട്രോളിയില്‍ തന്റെ വസ്ത്രങ്ങളാണെന്നാണ് രാഹുലിന്റെ വിശദീകരണം. എന്നാല്‍, ഫെനി ട്രോളി വച്ച കാറിലല്ല രാഹുല്‍ കയറിയത്. രാഹുല്‍ പോയ കാറിനെ ട്രോളി ബാഗ് വച്ച കാര്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറോട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: