കൊച്ചി: മുനമ്പം വിഷയത്തിന് അടിസ്ഥാന കാരണമായ വഖഫ് ബോര്‍ഡിന്റെ കരിനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം നടത്തുന്നു. നാളെ കലൂര്‍ എജെ ഹാളില്‍ ജനകീയ കണ്‍വന്‍ഷനും 11ന് ചെറായിയില്‍ ഭൂസംരക്ഷണ സമ്മേളനവും ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മുനമ്പത്തെ അറുനൂറിലേറെ കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന നിലപാടാണ് വഖഫ് ബോര്‍ഡിന്റേത്. ഇവിടെ പാട്ടത്തിനു നല്കിയ ഭൂമിയിലാണ് വഖഫ് കൊള്ള അരങ്ങേറുന്നത്, അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരകളാണ് മുനമ്പത്തുകാര്‍. സംഘടിത വോട്ടുബാങ്ക് ഭയന്ന് ഇടത്-വലത് മുന്നണികള്‍ മുനമ്പത്തുകാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു.
വഖഫ് നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും ഇതുകൊണ്ടാണ്. മുസ്ലിം ലീഗും കോണ്‍ഗ്രസും നേരത്തേ മുനമ്പത്തുക്കാരെ ഒഴിപ്പിച്ച് വഖഫ് ഭൂമി സംരക്ഷണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ മാറ്റിപ്പറയാനുള്ള കാരണം ജനവികാരം എതിരാകുന്നതു കണ്ട് ഭയന്നാണ്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് ബോര്‍ഡും സര്‍ക്കാരും ഒരുമിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കണം. മുന്‍കാല പ്രാബല്യത്തോടെ പുതിയ വഖഫ് ബോര്‍ഡ് നിയമം കൊണ്ടുവരാന്‍ കേന്ദ്രം തയാറാകണം, ആര്‍.വി. ബാബു ആവശ്യപ്പെട്ടു.
രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ.പി. ശശികല ടീച്ചര്‍, ടി.ജി. മോഹന്‍ദാസ്, അഡ്വ. ഷോണ്‍ ജോര്‍ജ്, എ.പി. അഹമ്മദ്, വത്സന്‍ തില്ലങ്കേരി, എം.വി. ബെന്നി, ഡോ. ആരിഫ് ഹുസൈന്‍, അഡ്വ. തോമസ് മാത്യു, മുനമ്പം സമര സമിതി ഭാരവാഹികള്‍, വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി പി. സുധാകരന്‍, സെക്രട്ടറി എം.സി. സാബു ശാന്തി, എറണാകുളം ജില്ലാ ജന. സെക്രട്ടറി ആ.ഭാ. ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക