പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാതിരിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സാമൂഹികസുരക്ഷാപദ്ധതികള്‍ നടപ്പാക്കുകയോ, ജനങ്ങളെ അറിയിക്കുകയോ ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ച തെറ്റ് തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിലൂടെ മാത്രമേ പാലക്കാട് വികസനം സാധ്യമാകൂ. 2021ലെ തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരനെ ജയിപ്പിച്ചിരുന്നെങ്കില്‍ 15,000 കോടി രൂപയുടെ കേന്ദ്ര പദ്ധതികള്‍ ജില്ലയ്ക്ക് ലഭിക്കുമായിരുന്നു. ആ നഷ്ടം പരിഹരിക്കുന്നതിന് ബിജെപിക്ക് പാലക്കാട് ഒരു എംഎല്‍എ അനിവാര്യമാണ്.
സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു. ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ അത് വെട്ടിക്കുറയ്ക്കുകയാണ്. സ്വകാര്യ മില്ലുകാരെ സഹായിക്കുന്നതിനായി നെല്ല് സംഭരണം പോലും നടത്തുന്നില്ല. കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്ന സമീപനമാണ്. നഗരസഭയ്ക്ക് കേന്ദ്രം അനുവദിച്ച അമൃത് പദ്ധതിയുടെ ഫണ്ട് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഒരക്ഷരം മിണ്ടുകയോ, ഇടപെടുകയോ ചെയ്തിട്ടില്ല, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എഴുപതു വയസ് കഴിഞ്ഞവര്‍ക്കുള്ള ചികിത്സ പദ്ധതി -പിഎം ആയുഷ്മാനിന് ഗുണഭോക്താക്കളെ ചേര്‍ക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെല്ലാം പരിഹാരം ബിജെപിക്ക് എംഎല്‍എ ഉണ്ടാവുകയെന്നതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: