ന്യൂഡല്‍ഹി : യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കു സാമ്പത്തികസഹായം നല്‍കുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍നിന്ന് ഉരുത്തിരിഞ്ഞ പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി. പിഎം വിദ്യാലക്ഷ്മി പദ്ധതിക്കു കീഴില്‍, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാര്‍ഥിക്കും കോഴ്സുമായി ബന്ധപ്പെട്ട മുഴുവന്‍ ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
എന്‍ഐആര്‍എഫ് റാങ്കിങ്ങുകള്‍ നിര്‍ണയിക്കുന്ന രാജ്യത്തെ ഉയര്‍ന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി ബാധകമാകും. മൊത്തത്തിലുള്ള, വിഭാഗത്തിന് അനുസൃതവും മേഖലാനുസൃതവുമായ റാങ്കിങ്ങുകളില്‍ എന്‍ഐആര്‍എഫിലെ ആദ്യ 100 സ്ഥാനങ്ങളില്‍ ഇടം നേടിയ മുഴുവന്‍ ഗവണ്മെന്റ്-സ്വകാര്യ എച്ച്ഇഐകള്‍; എന്‍ഐആര്‍എഫിലും കേന്ദ്ര ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലുമായി 101-200 സ്ഥാനത്തുള്ള സംസ്ഥാന ഗവണ്മെന്റ് എച്ച്ഇഐകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഏഴരലക്ഷം രൂപ വരെയുള്ള വായ്പത്തുകയ്‌ക്ക്, കുടിശ്ശികയുള്ളതിന്റെ 75% വായ്പ ഉറപ്പിനും വിദ്യാര്‍ഥിക്ക് അര്‍ഹതയുണ്ട്. പദ്ധതിപ്രകാരം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് ഇത് ബാങ്കുകള്‍ക്ക് പിന്തുണ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക