Kerala

താല്ക്കാലിക മറവിരോ​ഗം: സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നു

Published by

തൃശൂര്‍: താല്ക്കാലിക മറവിരോ​ഗം കാരണം സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കവി കെ. സച്ചിദാനന്ദന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുന്നകാര്യം കവി കൂടിയായ സച്ചിദാനന്ദന്‍  വ്യക്തമാക്കിയത്.

ഈയടുത്തകാലത്ത് സാഹിത്യ അക്കാദമി പ്രസിഡന്‍റ് എന്ന നിലയില്‍ സച്ചിദാനന്ദന്‍ ഒട്ടേറെ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുമായുണ്ടായ വിവാദം. ഇതില്‍ സച്ചിദാനന്ദന് പ്രതിച്ഛായാനഷ്ടം സംഭവിച്ചു.

അതുപോലെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും പ്രതിഫലത്തുകയുടെ ഏറ്റക്കുറിച്ചിലിന്റെ പേരില്‍ സാഹിത്യ അക്കാദമിയെ ശരവ്യമാക്കിയിരുന്നു. ആശാനെക്കുറിച്ച് ദിവസങ്ങളോം മാസങ്ങളോളം പഠിച്ച് പ്രബന്ധം അവതരിപ്പിച്ച തനിക്ക് കാറില്‍ വന്ന് പോകാനുള്ള കൂലി പോലും നല്‍കാതിരിക്കുമ്പോള്‍ സംഗീതപരിപാടികളും മറ്റും നടത്തുന്നവര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റും ഫൈവ് സ്റ്റാര്‍ താമസവും വന്‍ പ്രതിഫലവും നല്‍കിയതും കവി ബാലചന്ദ്രന്‍ വിമര്‍ശവിധേയമാക്കിയിരുന്നു. ഇതിലെല്ലാം സച്ചിദാനന്ദനും വലിച്ചിഴയ്‌ക്കപ്പെട്ടു. അതുപോലെ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുടെ അമിതമായ സിപിഎം ചായ് വും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സാഹിത്യ അക്കാദമിയുടെ വിശാലലക്ഷ്യങ്ങളെ ബാധിച്ചതും സച്ചിദാനന്ദനെ വിഷമിപ്പിച്ചിരുന്നു.

കഴിഞ്ഞ ഏഴ് വർഷം മുമ്പ് ഒരു താത്കാലികമറവി രോഗത്തിന്‌ വിധേയനായിരുന്നു എന്നും എന്നാല്‍ അത് മരുന്ന് കഴിച്ചപ്പോള്‍ സുഖപ്പെട്ടെന്നും സച്ചിദാനന്ദന്‍ പറയുന്നു. പക്ഷെ നവംബർ ഒന്നിന് പുതിയ രൂപത്തിൽ മറവി രോഗം തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്.

രോ​ഗം വീണ്ടും വരാൻ കാരണം സമ്മർദ്ദമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ദയവായി പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതും എന്നും അദ്ദേഹം കുറിച്ചു.

കുറച്ചുനാളുകളായി അശോകന്‍ ചെരിവിലും പ്രസിഡന്‍റ് പോസ്റ്റിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. സച്ചിദാനന്ദന്റെ ഈ പ്രഖ്യാപനം സുഗമമായ സ്ഥാനമാറ്റത്തിനുള്ള മുന്നൊരുക്കമാണോ എന്നും സാഹിത്യവൃത്തങ്ങളില്‍പ്പെടുന്ന ചിലര്‍ സംശയിക്കുന്നു. പാര്‍ട്ടിക്ക് കൂടുതല്‍ അഭികാമ്യനായ അക്കാദമി പ്രസിഡന്‍റായിരിക്കും അശോകന്‍ ചെരിവില്‍. കാരണം അദ്ദേഹം പാര്‍ട്ടി ലൈനനുസരിച്ച് നിലപാട് എടുക്കുന്ന സാഹിത്യകാരന്‍ ആണ്.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന്‌ (transient global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന‌ കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബർ ‌മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാര്‍. അതുകൊണ്ട്‌ പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട്‌ എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക